Saturday, April 19, 2025 Thiruvananthapuram

സ്വാമി അഭേദാനന്ദഭാരതി ആത്മബോധനത്തിന്റെ നേർമൊഴി

banner

3 years, 7 months Ago | 569 Views

ഇരുപതാം ശതകത്തിൽ ജീവിച്ചിരുന്ന ആത്മീയ തേജസ്സുകളിൽ ഗണനീയനാണ് അഭേദാനന്ദസ്വാമി തിരുവടികൾ.

ഏകാഗ്ര തപസ്വിയുടെ സൂര്യതേജസ്സ് പ്രതിഫലിപ്പിക്കുന്ന മുഖം; ഓംകാരത്തിന്റെ പൊരുളറിഞ്ഞ ആദ്ധ്യാത്മിക ജ്ഞാനി; മഹാപണ്ഡിതൻ; മനുഷ്യനെ മാത്രമല്ല പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും മണ്ണിനെയും പ്രകൃതിയെയും ഒരുപോലെ സ്നേഹിക്കുകയും 'എല്ലാം ഒന്ന്' എന്ന് കാണുകയും ചെയ്ത യോഗീവര്യൻ.

ഋഷിസമാന ജീവിതം നയിച്ച ജീവിതം നയിച്ച  അഭേദാനന്ദ സ്വാമികളെ വെറുമൊരു സന്യാസി മാത്രമായി വിലയിരുത്താൻ ശ്രമിക്കുന്നത് അന്ധൻ ആനയെ കണ്ടതിന് സമാനമായിരിക്കും. 

അതിശയോക്തികൾ കൂടാതെ പറഞ്ഞാൽ സ്വാമിവിവേകാനന്ദനുശേഷം ശ്രീ നാരായണഗുരുവിനു ശേഷം, ചട്ടമ്പിസ്വാമി തിരുവടികൾക്കു ശേഷം, നീലകണ്ഠതീർത്ഥപാദർക്കുശേഷം, ഇവിടെ ആദ്ധ്യാത്മിക തേജസ്സ് പരത്തിയ സന്യാസി വര്യനാണ് അഭേദാനന്ദസ്വാമികൾ. രാമായണവും, ഭഗവദ്ഗീതയും, മഹാഭാരതവുമെല്ലാം സാരസ്വതചൈതന്യത്തിന്റെ പ്രതീകമായ ആ നാവിൽ നിന്നും അനർഗ്ഗളം പ്രവഹിക്കുമായിരുന്നു.  ഇത് മാത്രമല്ല ബൈബിളായാലും ഖുറാനായാലും സ്വാമിജിക്ക് അന്യമല്ല. അദ്ദേഹം വായിക്കാത്ത ആത്മീയ ഗ്രന്ഥങ്ങൾ തുലോം വിരളമെന്നല്ല തീരെയില്ലായെന്നുതന്നെ പറയാം. പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളും വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം അഭേദാനന്ദ സ്വാമികൾക്ക് ഹൃദിസ്ഥമായിരുന്നു. അദ്ദേഹവുമായി ആത്മീയ സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മഹാജ്ഞാനികൾ പോലും ഗുരുദേവന്റെ ആത്മീയ വിജ്ഞാനത്തിനു മുന്നിൽ പകച്ചിരുന്നുപോയിട്ടുള്ള നിരവധി സംഭവങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അഭേദാനന്ദ സ്വാമികളുടെ സന്തത സഹചാരിയും പ്രഥമ ശിഷ്യനും പിന്നീട് അഭേദാനന്ദ ആശ്രമം മഠാധിപതിയുമായിരുന്ന ഭജനാനന്ദ സ്വാമികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുരുദേവൻ ആശ്രമത്തിൽ തങ്ങുന്ന ദിവസങ്ങളിലൊക്കെയും ഏകാന്ത രാത്രികളിൽ താനുമായി മണിക്കൂറുകളോളം ആത്മീയ സംഭാഷണങ്ങൾ നടത്തുകയും ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്ന കാര്യവും  അദ്ദേഹം സ്മരിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം ദിവ്യമായ ഒരനുഭൂതിയിൽ താൻ മുങ്ങിത്താഴുന്നതായാണ് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം രോമഹർഷത്തോടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അറിവിന്റെ ശ്രോതസ്സായ അഭേദാനന്ദ സ്വാമികൾ മഹാഭാഗവതത്തെക്കുറിച്ചുള്ള ഒരു ബൃഹദ് കൃതിയുടെ രചനയിൽ ഏർപ്പെട്ടിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. 1980 കളിൽ ഏതാണ്ട് 400 ഓളം പേജുകൾ എഴുതിക്കഴിഞ്ഞിരുന്നുവെത്രെ . അദ്ദേഹത്തിന്റെ ചിന്താസരണിയിലുണ്ടായിരുന്ന ഗ്രന്ഥത്തിന്റെ ഇരുപത്തിലൊരുഭാഗം പോലുമായിരുന്നില്ല അത്! 'തൊട്ടതെല്ലാം പൊന്നാക്കി'യിരുന്ന ആ മഹാത്മാവിന് ഈ ഗ്രന്ഥം പൂർത്തിയാക്കി പ്രസിദ്ധീകരിക്കുക എന്ന മോഹം പൂവണിയിക്കാൻ കഴിഞ്ഞില്ല എന്നാണ് മനസ്സിലാക്കുന്നത് . ഒരു പക്ഷേ വിവേകാനന്ദ ചിന്തകൾക്കൊപ്പം ഭാവി തലമുറക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുമായിരുന്ന മഹത്തായൊരു രചനയായിരുന്നേനെ അത് ! ആദ്ധ്യാത്മികതയും ഭഗവദ് ചിന്തകളും വഴിഞ്ഞൊഴുകുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ അഭേദാനന്ദജി രചിച്ചിട്ടുണ്ട്. ശാന്തിമയം (നാടകം), സ്നേഹദൂതൻ (നാടകം), കൃഷ്ണാർജ്ജുന വിജയം (തമിഴ് നാടകം), ശങ്കര വിജയം, വിശ്വാമിത്രൻ തുറവി  (തമിഴ്) , ജയദേവ ചരിതം, ചൈതന്യ ചരിതം, ധർമ്മം ശരണം, ഭക്തമീര, അംഗുലീമാൻ, ശിക്ഷാഷ്ടകം, ഗീതാ പ്രഭാഷണങ്ങൾ  (ഒന്ന്-രണ്ട് ഭാഗങ്ങൾ), ശ്രീമദ് ഭാഗവത മാഹാത്മ്യം, രാസലീല കുറിപ്പുകൾ, ഭാഗവത ധർമ്മം, ഗീതാമൃതം, പ്രീമദീപം, ഭക്തിനേവഗരിയസി, നവരാത്രി സന്ദേശങ്ങൾ, കലിസന്തരണോനോപനിഷത്, കഥാമൃതം തുടങ്ങിയവ അവയിൽ ചിലതു മാത്രം. ഇവയ്ക്കു പുറമേ അഭേദാനന്ദസ്വാമികളുടെ ചില കത്തുകളുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി അഭേദദർശനം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാമിജിയുടെ ഭജനകളെല്ലാം ഉൾപ്പെടുത്തി ഭജനാവലി എന്ന പേരിലും, അദ്ദേഹം എഴുതിയ ലേഖനം അമരവാണി എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഏറിയ പങ്കും അദ്ദേഹം 'മൗനവ്രത'ത്തിലായിരിക്കുമ്പോൾ എഴുതിയവയാണ്. സന്യാസം സ്വീകരിക്കുന്നതിന് മുൻപ് എഴുതിയ വിശ്വാമിത്രൻ തുറവി, ശാന്തിമയം തുടങ്ങിയ നാടകങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാടകങ്ങളിൽ വളരെ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളതെന്നു സമകാലികർ ചൂണ്ടിക്കാട്ടുന്നു.

കാലത്തിൻറെ നെറുകയിൽ കൊളുത്തിവെച്ച  ആ കെടാവിളക്കിൻറെ നിഷ്കളങ്കഭക്തി  നിഷ്കാമകർമ്മവും ഏകോദര സഹോദര ഭാവവും സാമ്യമകനതായിരുന്നു. ഒരു പൂവിടരും പോലെ ലളിത സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും സംഭാഷണവും! തേജസ്സാർന്ന ആ മുഖത്തെ പുഞ്ചിരിക്ക് ആയിരം പൗർണ്ണമിചന്ദ്രികയുടെ പ്രഭയായിരുന്നു! വിശ്വ പ്രേമത്തിന്റെ മൂർത്തീമദ്ഭാവം!

സ്വാമിജിയെക്കുറിച്ചെഴുതിയ ഒരു ഗ്രന്ഥത്തിലെ കാര്യങ്ങൾ ഇപ്പോൾ ഓർമ്മയിൽ വരുന്നു. അഭേദനന്ദജിയോട് ഒരിക്കൽ ഒരു പത്രലേഖകൻ ഈ ആശ്രമത്തിന്റെ ഉദ്ദേശ്യമെന്താണെന്നുആരായുകയുണ്ടായി. മറുപടിയായി സ്വാമിജി പറഞ്ഞത്  "ജനങ്ങൾക്കിടയിലെ ആസ്തിക്യബോധം (ഈശ്വരവിശ്വസം) വർദ്ധിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം" എന്നായിരുന്നു. അടുത്ത ചോദ്യം "ഇവിടെ (ആശ്രമത്തിൽ) നടത്തുന്ന നാമജപയജഞം എന്തിനു വേണ്ടി?" എന്നതായിരുന്നു. അതിനുള്ള മറുപടി "കലിയുഗത്തിൽ ശാന്തിക്ക് നിദാനമായ മാർഗ്ഗം ഭഗവദ് നാമ സങ്കീർത്തനമാണ്. നാമ സങ്കീർത്തനത്തിൽ നിന്നുണ്ടാകുന്ന ശബ്ദതരംഗങ്ങൾ അന്തരീക്ഷത്തെ ശുദ്ധീകരിക്കും. പ്രത്യേകമായ ഒരു ശാന്തി അനുഭവപ്പെടുകയും ചെയ്യും. അതിനാണീ ആശ്രമത്തിൽ സദാ നാമസങ്കീർത്തനം നടത്തുന്നത് . നാമസങ്കീർത്തനത്തിൽ നിന്നുണ്ടാകുന്ന ഊർജ്ജം അന്തരീക്ഷത്തിലെ വിഷാണുക്കളെയെല്ലാം നശിപ്പിക്കുന്നു. അതെങ്ങിനെ? എന്ന് ചോദിച്ചേക്കാം. കാരണം പറയാം. ഈശ്വര നാമജപത്തിൽ യാതൊരു വികാരങ്ങൾക്കും സ്ഥാനമില്ല. ഈശ്വരൻ വികാരാധീനനല്ല., മാത്രമല്ല ഈശ്വരനാമം കീർത്തിക്കുന്നവർ ആ നാമത്തിന്റെ അർത്ഥഭാവനയോടെയാണ് കീർത്തിക്കുന്നതെങ്കിൽ ആ ഭാവന ഉടനെ പ്രകടമാക്കും. 'യത്ഭാവം തത്ഭവതി'. ഈശ്വര നാമ സങ്കീർത്തനം മൂലം ശാന്തി ലഭിക്കും". സ്വാമിജി ഈ വിധം തുടർന്നുവെന്ന് പത്രലേഖകൻ പറയുന്നു. 'എന്താണ് മതം?' എന്ന ചോദ്യത്തിന് സ്വാമിജി നൽകിയ മറുപടി 'ഈശ്വരനെ അറിയുന്നതിന്റെ പേരാണ് മതം!" എന്നായിരുന്നു. "ഈശ്വരവിശ്വാസത്തിന്റെ പേരിലല്ലേ മതങ്ങൾ തമ്മിൽ കലഹിക്കുന്നത്......?" എന്ന ചോദ്യത്തിന് സ്വാമിജി പറയുന്നു "ഈശ്വരൻ ഒന്നാണ്. അന്ത:കരണ ശുദ്ധിയോടുകൂടിയ ഒരു  മനുഷ്യന്റെ ഭാവനയാണ് ഈശ്വരൻ. ആ ശുദ ഭാവനയിൽക്കൂടി മനുഷ്യൻ പരമസുഖം പ്രാപിക്കുന്നു. 'ഏകം സദ്‌വി പ്രബഹുധാവദന്തി' എന്നാണല്ലോ.   

സത്ത് ഒന്ന് മാത്രമാണ്. മഹാത്മാക്കൾ പലതായി പറഞ്ഞു എന്നു മാത്രം.  ക്രിസ്തു 'പിതാവേ'എന്നുവിളിച്ചു പ്രാർത്ഥിച്ചത് ഈശ്വരനെയാണ്. മുഹമ്മദ് നബി ഈശ്വരന്റെ പ്രവാചകനാണ്. വേദാന്തികളുടെ ബ്രഹ്മം ഈശ്വരനാണ്. മീമാംസകരുടെ ദൈവം കർമ്മവും. കർത്താവും അള്ളാവും, ബ്രഹ്മവും കർമ്മവും എല്ലാം ഒന്നുതന്നെ! ഈശ്വരൻ മാത്രം. ഈശ്വരനെ ക്രിസ്ത്യാനികൾ കർത്താവെന്നും മുസ്ലീങ്ങൾ അള്ളായെന്നും വേദാന്തികൾ ബ്രഹ്മമെന്നും, വൈഷ്ണവർ വിഷ്ണുവെന്നും, ജൈനന്മാർ അർഹതനെന്നും, മീമാംസകർ കർമ്മമെന്നും പറയുന്നുവെന്നേയുള്ളു" ഇതായിരുന്നു മറുപടി.

അപ്പോഴായിരുന്നു പത്രപ്രവർത്തകന്റെ കുസൃതി ചോദ്യം?"ഹിന്ദുക്കൾക്ക് ഒന്നിലധികം  ഈശ്വരന്മാരുണ്ടല്ലോ ?" അതിനു മറുപടി "ഹിന്ദുക്കൾ ഈശ്വരനെ പ്രേമാധിക്യം കൊണ്ട് അവരവരുടെ മാനസിക വളർച്ചക്ക് യോജ്യമായി നിരവധി നാമരൂപങ്ങൾ കൽപ്പിച്ഛ് ആരാധിച്ചു വരുന്നു. ഹിന്ദുധർമ്മത്തിൽ അനേകം  ഈശ്വരന്മാരില്ല.  ഈശ്വരൻ  ഒന്നാണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനുമെല്ലാം ഈശ്വരൻ ഒന്നാണ്”. ആശ്രമത്തിനുവേണ്ടി പണപ്പിരിവു നടത്തുന്നതിനോട് സ്വാമികൾ തീരെ യോജിച്ചിരുന്നില്ല. ആശ്രമത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി  ഒരു ഭാഗ്യക്കുറി നടത്തിയാലോ എന്നൊരഭിപ്രായം ഉയർന്നുവന്നപ്പോൾ ആയത് സംബന്ധിച്ച കത്തിന് സ്വാമിജി അയച്ച മറുപടി ഇവിടെ പ്രസക്തമാണ്. സ്വാമിജി വൃന്ദാവനത്തിൽ തങ്ങവേയാണ് ഒരു കത്തിലൂടെ മേൽപ്പറഞ്ഞ അഭിപ്രയം അദ്ദേഹത്തെ അറിയിച്ചത്. പിന്നീട് ഭജനാനന്ദ സ്വാമിയായി മാറിയ 'അപ്പു'വുമൊന്നിച്ചായിരുന്നു അന്ന് വൃന്ദാവനത്തിൽ സ്വാമിജി തങ്ങിയിരുന്നത്. ഭാഗ്യക്കുറി വിഷയത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞതിനുള്ള മറുപടിക്കത്തിൽ ആത്മീയമായ പലകാര്യങ്ങളും വിശദീകരിച്ചശേഷം ഏതാണ്ട് അവസാനമായി പറയുന്നു: "ഭവാൻ കാരുണ്യപൂർവ്വം അയച്ച എഴുത്തിൽ ആശ്രമത്തിന്റെ പുരോഗമനത്തിനുവേണ്ടിയുള്ള വഴികളെ സദയം ചൂണ്ടിക്കാണിച്ചിരുന്നല്ലോ?  ആശ്രമോൽക്കർഷത്തിന് ധനം അനിവാര്യമാണെന്നും ആയത് ഒരു നല്ല കമ്മിറ്റി രൂപീകരിച്ഛ് ഭാഗ്യക്കുറി നടത്തുന്നതുകൊണ്ട് പരിഹരിക്കാമെന്നും നല്ലവണ്ണം പരിശ്രമിച്ചാൽ ലക്ഷക്കണക്കിനുപോലും പണം പിരിഞ്ഞുകിട്ടാനിടയുണ്ടെന്നും എഴുതിയിരുന്നുവല്ലോ. ആശ്രമ ക്ഷേമ നടത്തിപ്പിന് ധനം അത്യന്താപേക്ഷിതമാണെങ്കിലും ഭാഗ്യക്കുറിപോലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ലഭിക്കുന്ന ധനം ആശ്രമാന്തരീക്ഷത്തിന് യോജിച്ചതാണോ എന്ന് സംശയിക്കുന്നു." ഇതുപറഞ്ഞു കുറെയേറെ കാര്യങ്ങൾ അതീവവിനയത്തോടെ അദ്ദേഹം വിവരിക്കുന്നു.  സ്വാമിജിക്ക് അഭിപ്രായഭിന്നതയുള്ള കാര്യംപോലും ഭിന്നാഭിപ്രായക്കാരന് ബുദ്ധിമുട്ട് തോന്നാത്തവിധം അവതരിപ്പിക്കുന്നു എന്നതിനുദാഹരണമാണ് മേൽപ്പറഞ്ഞ വിഷയം പ്രതിപാദിച്ചിരിക്കുന്ന കത്തിലെ അവസാനവരികൾ. "ഭവാന്റെ ചിന്തയിൽ ഉദയം ചെയ്ത ഭാഗ്യക്കുറി, സദുദ്ദേശത്തോടും പൊതുജനനന്മക്കും വേണ്ടിയായതിനാൽ ദോഷാരോപണത്തിനു അവകാശമേയില്ല. ഹരി:ഓം."  

ധ്യാനത്തിലൂടെ ആർജ്ജിച്ച പ്രൗഢവും സൗമ്യവുമായ ഭാവം എപ്പോഴും ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. സന്തോഷവും സന്താപവുമെന്നാൽ ജീവിതമെന്ന ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സ്വാമിജി തന്റെ പ്രഭാഷണങ്ങളിൽ പ്രത്യേകം ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു.

1909 ഏപ്രിൽ 8ന് വിശാഖം നക്ഷത്രത്തിലായിരുന്നു പിൽക്കാലത്ത് സർവ്വസംഗപരിത്യാഗിയും  നിത്യമുക്തനുമായ അഭേദാനന്ദസ്വാമി  തിരുവടികളുടെ ജനനം. പൂർവ്വാശ്രമത്തിലെ പേര് വേലായുധൻ എന്നായിരുന്നു.കുമാരകോവിലിൽ ഭജനമിരുന്നു ലഭിച്ച കുഞ്ഞായതിനാലാണ് കുട്ടിക്ക് വേലായുധൻ എന്ന നാമകരണം ചെയ്തത്. വേലായുധൻ കുട്ടിയുടെ ചോറൂണു ചടങ്ങു നടന്നതും കുമാരകോവിലിൽ വെച്ചായിരുന്നു.

   വേലായുധന് സന്യാസത്തിനുള്ള പ്രചോദനമായത് ചട്ടമ്പിസ്വാമി തിരുവടികളാണ്. ചട്ടമ്പിസ്വാമികളുടെ നാമധേയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ രണ്ട് ആശ്രമങ്ങളും അദ്ദേഹം സ്ഥാപിച്ചിട്ടുള്ളത്. 1955 -ൽ ചട്ടമ്പിസ്വാമികളുടെ സമാധിയിൽ നിന്നും ദീപം പകർന്നുകൊണ്ടുവന്നാണ് കോട്ടയ്ക്കകത്തെ ആശ്രമത്തിൽ അഖണ്ഡ നമദീപം കത്തിച്ചത്. അതിന്നും കെടാതെ പ്രഭചൊരിയുന്നു!

വിദ്യാഭ്യാസകാലത്തുതന്നെ സന്യാസിമാരുമായി ദീർഘമായി സംസാരിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു വേലായുധൻ. ഒരു നാൾ എസ്.എം.വി.സ്‌കൂളിനു സമീപം ഒരു ശിഷ്യന്റെ വീട്ടിൽ താമസിച്ചിരുന്ന ചാട്ടമ്പിസ്വാമികളെ കാണാൻ വേലായുധൻ ചെന്നു. പൂമുഖത്തു ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന സ്വാമി വേലായുധനോട് വന്ന കാര്യം എന്താണെന്നാരാഞ്ഞു." സ്വാമിജിയെ കാണാൻ" എന്നായിരുന്നു മറുപടി. ബാലനാണെങ്കിലും അവനിൽ കണ്ട ആത്മീയ ഉണർവ്വ് ചട്ടമ്പിസ്വാമിയെ സന്തോഷിപ്പിച്ചു. അൽപ്പസമയം സംസാരിച്ചശേഷം സ്വാമികൾ ചുട്ട മരച്ചീനിക്കി ഴങ്ങ് പ്രസാദമായി നൽകി. വേലായുധൻ അത് ഭക്തി പൂർവ്വം ഇരുകൈയ്യും നീട്ടി വാങ്ങി ഭക്ഷിച്ചു. സ്വാമികൾ വേലായുധന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചു.യാത്ര പറയുമ്പോൾ വേലായുധനെക്കുറിച്ച് എല്ലാം മനസ്സിലാക്കിയ ചട്ടമ്പിസ്വാമി പറഞ്ഞു "നല്ലവണ്ണം പഠിക്കണം, കണ്ട താടിക്കാരുടെ പിന്നലെയൊന്നും നടക്കരുത് കേട്ടോ ....." ചട്ടമ്പിസ്വാമിയുമായുള്ള സംഭാഷണവും അദ്ദേഹത്തിന്റെ അനുഗ്രഹവുമാണ് തന്നെ ആത്മീയതയെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് അഭേദാനന്ദസ്വാമികൾ പിൽക്കാലത്ത് വ്യക്തമാക്കിയിട്ടുണ്ട്.

നന്നെ ചെറുപ്പത്തിൽ തന്നെ പരിവ്രാജകയാത്രകളിൽ ആത്മനിർവൃതിയടഞ്ഞിരുന്ന വേലായുധൻപിള്ള (യൗവ്വനത്തിൽ അദ്ദേഹം വേലായുധൻ പിള്ള എന്നാണറിയപ്പെട്ടിരുന്നത്) ഇത്തരത്തിലൊരു തീർത്ഥാടനവേളയിലാണ് സന്യാസം സ്വീകരിച്ചത്. യാത്രയിൽ ഹരിദ്വാർ വഴി ഋഷികേശത്തെത്തിയ ചിന്നസ്വാമി (പിന്നീടദ്ദേഹം ചിന്നസ്വാമിയെന്നും അറിയപ്പെട്ടിട്ടിരുന്നു) കൈലാസാശ്രമത്തിൽ വസിച്ചിരുന്ന സ്വാമി ശ്രീസ്വരൂപാനന്ദഭാരതിയിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ചാൽ കൊള്ളാമെന്ന് ആഗ്രഹിച്ചു. ശ്രീ സ്വരൂപാനന്ദസ്വാമികളുടെ സത്സംഗത്തിൽ നിത്യേന പങ്കുകൊണ്ടിരുന്ന യുവയോഗിയെ സ്വരൂപാനന്ദഭാരതിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വേലായുധൻപിള്ള തന്റെ ആഗ്രഹം മറ്റൊരു സന്യാസി വഴി സ്വരൂപാനന്ദഭാരതിയെ അറിയിച്ചെങ്കിലും അനുകൂല മറുപടിയല്ല സ്വാമിയിൽ നിന്നുണ്ടായത്. അതറിഞ്ഞപ്പോൾ ചിന്നസ്വാമിയുടെ  മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായില്ല. സദാ കാണാറുള്ള പുഞ്ചിരിമാത്രം! സത്സംഗത്തിൽ തുടർന്നും ചിന്നസ്വാമി കൃത്യമായി പങ്കെടുത്തിരുന്നു.  ഒരുനാൾ സ്വരൂപാനന്ദഭാരതി വേലായുധൻപിള്ളയെ വിളിച്ച് കുറച്ചുനാൾ തന്നോടൊപ്പം തങ്ങാൻ നിർദ്ദേശിച്ചു. അക്കാലത്ത് വേലായുധൻപിള്ളയെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശ്രീസ്വരൂപാനന്ദഭാരതി സ്വമേധയാ ചിന്നസ്വാമിക്ക് സന്യാസദീക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു. അതറിഞ്ഞപ്പോഴും ചിന്നസ്വാമിയുടെ മുഖഭാവം ദീക്ഷനൽകാൻ സാധ്യമല്ലെന്നു പറഞ്ഞ വേളയിലുണ്ടായിരുന്ന അതേപോലെ തന്നെയായിരുന്നു! സദാ കാണാറുള്ള പുഞ്ചിരി ! സന്യാസദീക്ഷ നൽകിക്കൊണ്ട് ശ്രീസ്വരൂപാനന്ദജി വേലായുധൻപിള്ളക്ക് 'അഭേദാനന്ദഭാരതി' എന്ന് നാമകരണം ചെയ്തു.

അഭേദാനന്ദസ്വാമികൾ തന്റെ പരിവ്രാജക യാത്ര തുടർന്നു. വർഷങ്ങൾക്കുശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സ്വാമിജി നെയ്യാറ്റിൻകര ആറയൂരിൽ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു.

അക്കാലത്ത് അഭേദാനന്ദസ്വാമികൾക്ക് സഹായത്തിനായി ചുരുക്കം ചിലർ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിൽ പ്രധാനിയായിരുന്നു അമരവിള ആശാരൂർ തറവാട്ടിലെ കരണവരായിരുന്ന ജനാർദ്ദനൻ പിള്ളയുടെ മകൻ തങ്കപ്പൻ നായർ. സംഗീതജ്ഞനും തിരുവാതിരക്കളി ആശാനും മൃദംഗവിദ്വാനുമായ തങ്കപ്പൻ നായരോട് അഭേദാനന്ദസ്വാമികൾക്ക് പ്രത്യേക മമതയായിരുന്നു. ആത്മാർത്ഥതയുള്ള യുവാവ് എന്നായിരുന്നു ഗുരുദേവൻ അന്ന് മറ്റുള്ളവർക്ക് തങ്കപ്പൻ നായരേ പരിചയപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ അഭേദാനന്ദാശ്രമ പ്രവർത്തനങ്ങളുടെ അന്നത്തെ നെടുംതൂണുകളായിരുന്ന വൈദ്യുതിബോഡ് മുൻ ചെയർമാൻ ആർ.പി.നായർ , റിട്ട.എ.എസ്.പി.കുമാരൻ തമ്പി,റിട്ട.ഹെഡ്മാസ്റ്റർ പ്രഭാകരൻ നായർ (പിൽക്കാലത്ത് പ്രബോധ നനു സ്വാമികൾ), ചൂഴാൽ തിരുമേനി (ചുഴാൽ മഠം എ.അഗ്രമര്), ആട്ടറ ഗോപാലൻ നായർ, കണ്ടമത്ത് ശ്രീധരൻ നായർ, ഡോ.ആർ.കേശവൻ നായർ തുടങ്ങിയവരെല്ലാം സഹോദരനിർവ്വിശേഷ സ്നേഹത്തോടെയായിരുന്നു തങ്കപ്പൻ നായരെ കണ്ടിരുന്നത്. തങ്കപ്പൻ സ്വാമികൾ ഇന്നും ആറയൂർ അഭേദാനന്ദാശ്രമത്തിൽ ശ്രദ്ധിക്കപ്പെടാത്ത അന്തേവാസിയായി തുടരുന്നു. അക്കാലത്താണ് തങ്കപ്പൻ നായരുടെ സഹോദരൻ സദാശിവൻ നായർ അഭേദാനന്ദാശ്രമത്തിൽ എത്തുന്നത്. 'അപ്പു' എന്നു വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സദാശിവൻ നായരെ അഭേദനന്ദസ്വാമികൾക്ക് പരിചയപ്പെടുത്തുന്നത് തങ്കപ്പൻ സ്വാമികളാണ്. പ്രഥമ ദർശനത്തിൽ തന്നെ താൻ ഏറെ നാളുകളായി കാത്തിരുന്നതെന്താണോ അത് കൈവന്ന നിലയിലുള്ള ഭാവമായിരുന്നു അഭേദാനന്ദജിയിലുണ്ടായത്. മുമ്പ് വേലായുധൻ പിള്ളയെ കണ്ടപ്പോൾ സ്വാമി ശ്രീ സ്വരൂപാനന്ദഭാരതിയിലുണ്ടായ അതേ വികാരമാണ് അപ്പുവിനെ കണ്ടപ്പോൾ അഭേദാനന്ദസ്വാമികളിലുണ്ടായത്. ഗുരുദേവന്റെ മുഖഭാവവും കണ്ണുകളിലെ തിളക്കവും അത്   വിളിച്ചോതുന്നുണ്ടായിരുന്നു. അവർ തമ്മിൽ വളരെ അടുത്ത്; അപ്പുസ്വാമി ഗുരുദേവന്റെ സന്തത സഹചാരിയായി. തുടർന്ന് അഭേദാനന്ദജിയുടെ പ്രഥമ ശിഷ്യനായിത്തീർന്ന അപ്പുസ്വാമിയാണ് പിൽക്കാലത്ത് ഭജനന്ദസ്വാമിയും അഭേദാനന്ദജിക്കുശേഷം അഭേദാശ്രമം മഠാധിപതിയുമായത്. ഭജനാനന്ദസ്വാമി തങ്കപ്പൻ സ്വാമിക്കൊപ്പം ആശ്രമത്തിലെത്തുമ്പോൾ പ്രായം 22 വയസ്സായിരുന്നു. അഭേദാനന്ദജിയുടെ നിർദ്ദേശാനുസരണം പണം കൈകൊണ്ടു തൊടാതെ തീർത്ഥയാത്രയായി ഭാരതമൊട്ടാകെ  സഞ്ചരിച്ച് കൈലാസവും സന്ദർശിച്ച് രണ്ടു വർഷത്തിന് ശേഷം മടങ്ങിയെത്തിയ അപ്പുസ്വാമിക്ക് 1972 -ൽ ഗുരുദേവൻ സന്യാസദീക്ഷ നൽകുകയും 'ഭജനാനന്ദൻ' എന്ന് നാമകരണം ചെയ്യുകയുമുണ്ടായി. അഭേദാനന്ദ സ്വാമികളുടെ അന്ത്യകർമ്മങ്ങൾ നടത്തിയതും ഭജനാനന്ദ സ്വാമികളായിരുന്നു.

അഭേദാനന്ദ സ്വാമികൾ പ്രഥമമായി സ്ഥാപിച്ച ആറയൂർ അഭേദാശ്രമത്തോട് സ്വാമികൾക്ക് പ്രത്യേക സ്നേഹവും താൽപര്യവുമായിരുന്നു. മിക്കവാറുമെല്ലാകാലവും തീർത്ഥയാത്രകളിലും ക്ഷേത്രദർശനങ്ങളിലുമായിരുന്ന ഗുരുദേവൻ, അഭേദാശ്രമം സെക്രട്ടറിക്കെഴുതിയ കത്തുകൾ ഇതിനുദാഹരണമാണ്.  1987 മാർച്ച് 4ന് എഴുതിയ കത്തിലെ ഒരുഭാഗം ഇപ്രകാരമായിരുന്നു.

"ആറയൂർ ആശ്രമം അഭിവൃദ്ധിപ്പെടുത്തുവാൻ അപേക്ഷിക്കുന്നു. ധാരാളം സാധകരും കുടീരങ്ങളുമുണ്ടാവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണം. അദ്ധ്യാത്മവിദ്യാലയത്തിനും ആശുപത്രിക്കും അവിടെ സ്ഥലമുണ്ട്. നാമജപം നിങ്ങളുടെ  ശ്വാസോഛ്വാസമായിരിക്കുവാൻ   - ജീവനാഡിയായിരിക്കുവാൻ - ശ്രീ രാധാകൃഷ്ണനോട് തുറന്നു പ്രാർത്ഥിക്കുന്നു. വീണ്ടും നിങ്ങൾക്ക് മംഗളം നേർന്നുകൊണ്ട് ഇവന്റെ അവസാനമില്ലാത്ത യാത്ര തുടരുന്നു ."                                                                                                                                                                      വിനീത വിധേയൻ, അഭേദൻ                                                                                                                                               (ഒപ്പ് )

തുടർന്ന് അഭേദാശ്രമം ട്രസ്റ്റ് യോഗത്തിന്റെ പരിഗണനക്ക് സമർപ്പിക്കുവാൻ വേണ്ടി  1979 ഫെബ്രുവരി 11 ന് അയച്ച കത്തിൽ ഗുരുദേവൻ ഇങ്ങനെ ആവശ്യപ്പെടുന്നു :

ഇവന് രണ്ടാശ്രമങ്ങളെയും സംബന്ധിച്ച് പല സങ്കൽപ്പങ്ങളുമുണ്ട്. ആവശ്യമില്ലായിരിക്കാം - എങ്കിലും പറയാം. ഇവിടെ ഒരു ചെറിയ ഗുരുകുലം സ്ഥാപിച്ചുകണ്ടാൽ കൊള്ളാമെന്നുണ്ട്. പരിപൂർണ്ണ ശ്രദ്ധയോടും വിശ്വാസത്തോടും അഖണ്ഡ നാമജപം നടന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. അന്തേവാസികൾ എല്ലാരും (ആബാലവൃദ്ധം) മലയാളം കൂടാതെ സംസ്കൃതവും ഇംഗ്ലീഷും ഹിന്ദിയും തമിഴും നല്ലപോലെ പഠിച്ച് വേണ്ടപോലെ ശാസ്ത്രജ്ഞാനവും സമ്പാദിച്ചവരായി കാണുവാനും ആഗ്രഹമുണ്ട്. നിങ്ങൾ ഉത്സാഹിക്കുമെങ്കിൽ ഇവയെല്ലാം വലിയ ശ്രമം കൂടാതെ നടക്കും. അനുഭവമില്ലാത്തതും പേരിനും പെരുമയ്ക്കും മാത്രമുള്ളതുമായ പ്രസംഗങ്ങൾകൊണ്ട് അഹങ്കാരികളെ വാർത്തെടുക്കാതെ നാമകീർത്തനം കൊണ്ട് -- പ്രാർത്ഥനായോഗങ്ങൾ കൊണ്ട് അനഹങ്കാരികളെ വാർത്തെടുക്കുവാനാണ് ശ്രമിക്കേണ്ടതെന്നു തോന്നുന്നു. മനോവാക്യങ്ങളാൽ ഏവർക്കും സേവചെയ്യുന്നതായിരിക്കണം നമ്മുടെ ലഷ്യം. അന്യമതക്കാരെ ദുഷിക്കാതിരിക്കണം. നുണ പറയാതിരിക്കണം, സ്പർദ്ധയും അസൂയയും വെച്ച് പുലർത്താതിരിക്കണം, സത്യമാണ് ധർമ്മമെന്നും ധർമ്മമാണ് സത്യമെന്നും അതാണ് ഈശ്വരനെന്നും പൂർണ്ണമായി ബോധിക്കണം. വെറും അസംബന്ധമായ ജാതിചിന്തകളെ പാടേ വെടിയണം. വെറും രണ്ടു ദിവസത്തെ ജീവിതത്തിൽ ഇത്രയെങ്കിലും സമ്പാദിച്ചില്ലെങ്കിൽ വലിയ കഷ്ടമാണ്. ഇവിടെയുള്ള അന്തേവാസികളെല്ലാം നല്ലവണ്ണം ജോലി ചെയ്യുകയും പഠിക്കുകയും നാമം ജപിക്കുകയും വേണം. ആനന്ദക്കണ്ണീർ വാർത്ത് നാമം ജപിക്കുവാനുള്ള ഒരഭ്യാസം അചിരേണ ഇവിടെയുണ്ടാകണം. ഇത്രയും നിങ്ങൾ സാധിച്ചു തന്നാൽ ഈ പാവം സംതൃപ്തനായി അന്ത്യശ്വാസം വലിച്ചുകൊള്ളാം.    

ഇവന്റെ ഈ നിവേദനത്തെ പത്തൊൻപതാം തീയതി നടക്കുന്ന യോഗത്തിൽ സമർപ്പിക്കുക. ശേഷം ഭഗവദ്കൃപ.                                                                                                                                                 സ്വന്തം അഭേദൻ                                                                                                                                                                  (ഒപ്പ്)

ആറയൂർ ആശ്രമവുമായി ബന്ധപ്പെട്ടുള്ള പൂജനീയ ഗുരുദേവന്റെ ഈ പാവന ചിന്തകളിൽ എന്തൊക്കെയാണ് സാധിതപ്രായമാക്കിയതെന്നും ആറയൂർ ആശ്രമത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണെന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്.

മാനവജന്മത്തിന്റെ അജ്ഞാത മേഖലകളിൽ കടന്നുന്നുചെന്ന് അതിന്റെ കാണാപ്പുറങ്ങൾ വായിച്ച് ജീവിതത്തിന്റെ മറുകര കാണുകയും പ്രപഞ്ച സത്യം കണ്ടെത്തി ജന്മം സഫലമാക്കുകയും ചെയ്ത പുണ്യപുരുഷന്മാരാണ് മഹാത്മാക്കൾ. സത്യദർശികളായ ഇത്തരം മഹാത്മാക്കളിൽ, ഒരു നെയ്ത്തിരിയായി പിറവികൊള്ളുകയും ദിവ്യ ജ്യോതിയായി രാമപാദത്തിങ്കൽ വിലയം പ്രാപിക്കുകയും ചെയ്ത അഭേദാനന്ദ സ്വാമി തിരുവടികൾ എന്തുകൊണ്ടും പ്രഥമ നിരയിൽ തന്നെയാണ് !



Read More in Organisation

Comments