കാര്യവിചാരം

2 years Ago | 173 Views
രണ്ടു ശങ്കരന്മാരാണ് ഇന്ത്യയിലെ രണ്ടു രംഗങ്ങളിൽ വെന്നിക്കൊടി പാറിച്ചത്. ഒന്ന്, ആത്‌മീയതയുടെ ഔന്നത്വം കീഴടക്കിയ ശങ്കരാചാര്യർ, രണ്ട്. രാഷ്ട്രീയ രംഗത്ത് ഉത്തുംഗ സ്ഥാനത്തെത്തിയ സർ സി. ശങ്കരൻ നായർ. നാൽപതു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ച് ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റായി. 137 വർഷത്തെ കോൺഗ്രസ്സ് ചരിത്രത്തിൽ പ്രസിഡന്റായ ഏക മലയാളിയാണ് സർ സി. ശങ്കരൻ നായർ. 1897 വരെയുള്ള ചരിത്രത്തിൽ കോൺഗ്രസിന്റെ പ്രസിഡന്റായി സ്ഥാനമേറ്റു ഏറ്റവും പ്രായം കുറഞ്ഞ ആൾ. സ്വന്തം കഴിവും പ്രതിഭയും കൊണ്ടാണ് അദ്ദേഹം ഉയർന്ന സ്ഥാനത്തെത്തിയത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ ആഞ്ഞടിക്കാനും സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ഊന്നിപ്പറയുവാനും ധീരത കാണിച്ച ചേറ്റൂർ, സി. ശങ്കരൻ നായർ കേരളത്തിന്റെ അഭിമാനമാണ്. നാട്ടിൽ കൊടും ക്ഷാമവും പട്ടിണിയും ബ്രിട്ടീഷുകാരുടെ ഭീകരതയും നിറഞ്ഞാടുന്ന വേളയിലാണ് ശങ്കരൻ നായർ രാഷ്ട്രീയ രംഗത്ത് തലയുയർത്തി നിന്നത്. പ്രസിദ്ധനായ അഭിഭാഷകൻ കഴിവും പ്രവർത്തന മികവും കൊണ്ട് അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ വലിയ സ്ഥാനങ്ങളിൽ അവരോധിതനായി.
ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണവും അടിച്ചമർത്തലും മൂലം ഭാരതത്തിന്റെ പെരുമയും മഹിമയും നിറം മങ്ങിപ്പോയി എന്ന് ശങ്കരൻ നായർ പ്രസ്താവിച്ചു. പാലക്കാട് ജില്ലയിൽപ്പെട്ട മലങ്കരയിലാണ് 1857 ജൂലൈ 15 ന് ശങ്കരൻ നായർ ജനിച്ചത്. ഇന്ത്യയോടുള്ള ബ്രിട്ടീഷ് നയം മാറ്റിയില്ലെങ്കിൽ ബോസ്റ്റൺ തുറമുഖത്തുണ്ടായ സംഭവങ്ങൾ ബോംബെ തുറമുഖത്തും ആവർത്തിക്കുമെന്ന് ശങ്കരൻ നായർ താക്കീതു നൽകി. സാമൂഹികമായ അസമത്വം അവസാനിച്ചാൽ മാത്രമേ ഇന്ത്യയ്ക്കു രക്ഷയുള്ളൂ എന്നദ്ദേഹം പ്രസ്താവിച്ചു. പരിപൂർണ്ണ സ്വാതന്ത്രവും സമത്വവുമായിരുന്നു ചേറ്റൂരിന്റെ; ലക്ഷ്യം. മദ്രാസ് റിവ്യൂ എന്ന പേരിൽ ഒരു മാസിക അദ്ദേഹം ആരംഭിച്ചു. ഹിന്ദു പത്രം ആരംഭിക്കുന്നതിനും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചു. മദ്രാസ് സർവകലാശാലയിൽ സെനറ്റംഗമായും സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു. മദിരാശി നിയമ നിർമ്മാണ സഭയിൽ അംഗമായി. അപ്പോഴൊക്കെ തന്റെ വിദഗ്ദ്ധാഭിപ്രായങ്ങൾ കൊണ്ട് ഉന്നതരുടെ ശ്രദ്ധ പിടിച്ചു പറ്റി. മദ്രാസ് ഹൈക്കോടതിയിൽ അദ്ദേഹം പത്തുവർഷം ജഡ്ജിയായി സേവനമനുഷ്ഠിച്ചു. അഗാധമായ നിയമ പരിജ്ഞാനവും സ്വാതന്ത്ര്യ തത്പരതയും പുരോഗമന മനഃസ്ഥിതിയും അദ്ദേഹത്തിന്റെ വിധിന്യായങ്ങളിൽ തെളിഞ്ഞുനിന്നു. വൈസ്രോയിയുടെ കൗൺസിലിൽ അദ്ദേഹത്തെ അംഗമാക്കി. ഏഴു അംഗങ്ങളുള്ള കൗൺസിലിൽ ഏക ഇന്ത്യക്കാരൻ സർ.സി.ശങ്കരൻ നായർ മാത്രമായിരുന്നു. കറയറ്റ സ്വാതന്ത്ര്യ ബോധമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത എന്ന് ബോംബെ ക്രോണിക്കിളിൽ മുഖ പ്രസംഗം പോലും വന്നു. സ്വതന്ത്ര ഭാരതത്തിലേക്കുള്ള വേഗത ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ബോംബെ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുദൃഢമായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ചേറ്റൂരിന് വലിയ എതിർപ്പുകളെ നേരിടേണ്ടിവന്നു. ആ എതിർപ്പുകളെയെല്ലാം അദ്ദേഹം തൃണവൽഗണിച്ചു. സംസ്ഥാന ഗവർണ്ണറന്മാർ നിർദ്ദേശിച്ച ഭരണ പരിഷ്‌കാരങ്ങൾ ഇന്ത്യക്കാർക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തെ സ്വാധീനിക്കാനും അനുനയിപ്പിക്കാനും പലവിധത്തിൽ ശ്രമിച്ചു. ആനി ബസന്റിന്റെ ഹോം റിലേ പ്രസ്ഥാനത്തെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ ശങ്കരൻ നായർ അതിനെ നഖശിഖാന്തം എതിർത്തു. ഭരണ പരിഷ്കാരത്തിന്റെ നിർദ്ദേശ്ശങ്ങൾ കൗൺസിലിൽ പലരും അവതരിച്ചപ്പോൾ ചേറ്റൂരിന്റെ അഭിപ്രായമാണ് അംഗീകരിച്ചത്. റൗലറ്റ് ആക്റ്റിനെതിരെ പ്രക്ഷോഭം ആഞ്ഞടിച്ചു. എല്ലായിടത്തും ഹർത്താലും ഉപവാസവും നടന്നു. മൈക്കൽ ഡയർ ജാലിയൻ വാലാബാഗിൻ അനുവർത്തിച്ച അക്രമങ്ങളെക്കുറിച്ച് പരക്കെ പ്രതിഷേധം ഉയർന്നു. ബ്രിട്ടീഷ് ഭീകരതയിൽ പ്രതിഷേധിച്ച് ശങ്കരൻ നായർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജിവെച്ചു. ഇന്ത്യയിലെ സംഭവവികാസങ്ങൾ ബ്രിട്ടനിലെ ജനങ്ങളെ അറിയിക്കാൻ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ പര്യടനം നടത്തി. ഇപ്പോഴും എതിർപ്പുകളുടെ പരിവേഷം പുലർത്തിയിരുന്നത് കൊണ്ട് അദ്ദേഹം റിബലായി ചിത്രീകരിക്കപ്പെട്ടു. അര നൂറ്റാണ്ടിനിടക്ക് ഇന്ത്യക്കാരന് എത്താവുന്ന ഉയർന്ന സ്ഥാനങ്ങളിൽ എത്തിയതും ശോഭിച്ചതും ഓർമിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ സേവനവും പ്രവർത്തനവും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തും. അതിലേക്കുള്ള കേരളത്തിന്റെ പങ്കാളിത്തവും അവിസ്മരണീയമായി നിലകൊള്ളും. കേരളത്തിന്റെ ആ അഭിമാന പുത്രനെ പുതിയ തലമുറ മനസ്സിലാക്കേണ്ടതാണ്.
Read More in Organisation
Related Stories
രാമായണത്തിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങൾ: ബി. എസ്. ബാലചന്ദ്രൻ
2 years, 2 months Ago
നിങ്ങൾക്കറിയാമോ ?
1 year, 11 months Ago
പ്രവർത്തനവും വിജയവും
2 years, 10 months Ago
സുമിത്രയ്ക്ക് സമം സുമിത്ര മാത്രം
3 years, 5 months Ago
'കാൻഫെഡ്' 45-ാം വാർഷികസമ്മേളനവും പുരസ്കാര സമർപ്പണവും, പ്രമുഖർ പങ്കെടുത്തു.
2 years, 8 months Ago
അഹിംസ
11 months, 1 week Ago
സെയ്ഷെൽസ് (Seychelles)
1 year, 11 months Ago
Comments