മനുഷ്യനെ ചന്ദ്രനില്‍ തിരികെയെത്തിക്കാനുള്ള നാസയുടെ പദ്ധതി നീട്ടിവെച്ചു
4 years, 1 month Ago | 497 Views
മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കാനുള്ള പദ്ധതി അമേരിക്ക വീണ്ടും വൈകിപ്പിച്ചു. ആര്‍ത്തെമിസ് മിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2024 ല്‍ യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് 2025 ലേക്ക് നീട്ടിവെക്കുകയായാണ് ചെയ്തത്.
ഒറിയോണ്‍ പേടകത്തിലാണ് ആര്‍ത്തെമിസ് മിഷന്റെ ഭാഗമാവുന്ന ബഹിരാകാശ സഞ്ചാരികള്‍ യാത്രചെയ്യുക. ആദ്യം ആളില്ലാ പരീക്ഷണവും പിന്നീട് ആര്‍ത്തെമിസ് 2 എന്ന പേരില്‍ മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണവും നടക്കും. ഇതില്‍ സഞ്ചാരികള്‍ ചന്ദ്രനരികിലൂടെ പറക്കും. 930 കോടി ഡോളറാണ് ഒറിയോണ്‍ പേടകത്തിനുള്ള ചെലവ്. ഇതിന് ശേഷമാണ് ചന്ദ്രനിലിറങ്ങുന്നതിനുള്ള ശ്രമം. പത്ത് തവണയെങ്കിലും ഗവേഷകരെ ചന്ദ്രനിലിറക്കാനാണ് നാസ ഉദ്ദേശിക്കുന്നത്.
ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ വികസിപ്പിച്ച ലൂണാര്‍ ലാന്റര്‍ ഉള്‍പ്പടെ രണ്ട് പ്രോട്ടോ ടൈപ്പുകള്‍ നാസ തിരഞ്ഞെടുക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഫണ്ട് യുഎസ് കോണ്‍ഗ്രസ് വെട്ടിക്കുറച്ചതോടെ സ്പേസ് എക്സിന്റെ ലൂണാര്‍ ലാന്റര്‍ മാത്രം തിരഞ്ഞെടുക്കേണ്ടിവന്നു.
എന്നാല്‍ ഇതിനെതിരെ ബ്ലൂ ഒറിജിന്‍ യുഎസ് ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിനെ (ജിഎഒ)സമീപിച്ചതോടെ ലൂണാര്‍ ലാന്റര്‍ കരാര്‍ 95 ദിവസം വൈകി. എന്നാല്‍ ബ്ലൂ ഒറിജിന്റെ പരാതി ജിഎഒ തള്ളി. ഒരാളെ തിരഞ്ഞെടുക്കാനും ഒന്നിലധികം തിരഞ്ഞെടുക്കാനും ആരെയും തിരഞ്ഞെടുക്കാതിരിക്കാനും നാസയ്ക്ക് അവകാശമുണ്ടെന്നും ജിഎഒ പറഞ്ഞു.
ഈ കേസില്‍ യുഎസ് കോര്‍ട്ട് ഓഫ് ഫെഡറല്‍ ക്ലെയിംസ് നാസയ്ക്ക് അനുകൂലമായാണ് വിധി പറഞ്ഞത്. ഇതോടെ നാസയ്ക്ക് വേണ്ടി ഒരു ലാന്‍ഡര്‍ വികസിപ്പിക്കാനുള്ള ബ്ലൂ ഒറിജിന്റെ നീക്കത്തിന് വിരാമമായി.
ഈ കോടതി വ്യവഹാരങ്ങളും മറ്റ് ഘടകങ്ങളും കാരണം ആര്ത്തെമിസിന് കീഴില്‍ മനുഷ്യന് ചന്ദ്രനിലിറങ്ങുന്നത് വൈകുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ സ്ഥിരീകരിച്ചു. കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം സ്പേസ് എക്സുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചുവെന്നും വ്യക്തമാക്കി. ചൊവ്വാ ദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലയക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടത്തില്‍ നിന്നും ചാന്ദ്ര പദ്ധതിയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ബൈഡന് ഭരണകൂടം അധികാരമേറ്റതോടെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കി. പദ്ധതിയ്ക്ക് വേണ്ടിയുള്ള ഫണ്ടിങ് കുറഞ്ഞത് അതിന്റെ ഭാഗമായാണ്.
Read More in World
Related Stories
ഇന്ന് ലോക സൈക്കിൾ ദിനം
1 year, 6 months Ago
ഇൻസ്പിറേഷൻ 4 ; സ്പേസ് എക്സ് ദൗത്യം. ബഹിരാകാശ യാത്രയൊക്കൊരുങ്ങി മൂന്ന് ‘സാധാരണക്കാർ
4 years, 3 months Ago
മലബാര്‍-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം
4 years, 3 months Ago
ഇന്ത്യ മാത്രമല്ല, ഈ അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
4 years, 4 months Ago
വനിതാ ശാക്തീകരണത്തിന് സമഗ്ര വികസനം
1 year, 6 months Ago
Comments