Friday, Dec. 19, 2025 Thiruvananthapuram

ദക്ഷിണാഫ്രിക്കയില്‍ ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കൊറോണവൈറസ്; ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

banner

4 years Ago | 476 Views

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ജീനോമിക് സീക്വന്‍സിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ഐസിഡി പ്രസ്താവനയില്‍ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരില്‍ മാത്രമാണ് നിലവില്‍ ഈ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി) വ്യാഴാഴ്ച അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നോ ഈ പ്രദേശങ്ങള്‍വഴിയോ  യാത്രചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ആശങ്ക പ്രകടിപ്പിച്ച നാല് വകഭേഗങ്ങളില്‍ ഒന്നാണ് ബീറ്റ. വാക്‌സിനുകള്‍ ഈ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു.

ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്. ഏകദേശം മുപ്പത് ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



Read More in World

Comments

Related Stories