Tuesday, April 15, 2025 Thiruvananthapuram

രാമായണ പാരായണം നിഷ്ഠയോടെ വേണം: ബി. എസ് ബാലചന്ദ്രൻ

banner

3 years, 7 months Ago | 598 Views

രാമായണ പാരായണം നിഷ്ഠയോടെ വേണമെന്ന് തുഞ്ചൻ ഭക്തി പ്രസ്ഥാനം - പഠനകേന്ദ്രം ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ ഓർമ്മിപ്പിച്ചു. കിഴക്ക് ദർശനമായിരുന്നുള്ള രാമായണപാരായണമാണ് മുഴുവൻ ഫലപ്രാപ്തിക്കുമുത്തമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുഞ്ചൻ ഭക്തി പ്രസ്ഥാനം -പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന രാമായണ പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ കൂടിയായ ബി. എസ്. ബാലചന്ദ്രൻ.

ഇത് രാമായണമാസമാണ്. കർക്കിടകമാസം. ഭവനങ്ങളിൽ കർക്കിടക മാസം ഒന്നാം തീയതി മുതൽ മാസാന്ത്യംവരെ തുടർച്ചയായി രാമായണപാരായണം നടത്തുന്നു. വ്യക്തി ഐശ്വര്യത്തിനും കുടുംബ നന്മയ്ക്കും സർവ്വോപരി ദൈവാധീനത്തിനും  മോഷ പ്രാപ്തിക്കും കർക്കിടക മാസ രാമായണ പാരായണം ഉതകുന്നു എന്നതാണ് വിശ്വാസം.  എന്താണ് രാമായണം....? അത് വസ്‌തുനിഷ്ടമായി വിശദീകരിക്കുവാൻ നാളുകളേറെ വേണം. ഒറ്റവരിയിൽ പറഞ്ഞാൽ "തിന്മകളെ നന്മ പരാജയപ്പെടുത്തുന്നു" എന്നതാണ്! "ആത്മജ്ഞാനമെന്ന ശ്രീരാമൻ അഹംഭാവമെന്ന രാവണനെ നശിപ്പിക്കുന്നു."

മനസ്സിന്റെ എല്ലാവിധ അഹംഭാവത്തെയും തിന്മകളെയും ജയിക്കാൻ ആത്മജ്ഞാനത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് രാമായണം അടിവരയിട്ട്  പറയുന്നു.

സാധാരണഗതിയിൽ എല്ലാദിവസവും സന്ധ്യാവേളയിലാണ് രാമായണം പാരായണം ചെയ്യുന്നത്. പ്രഭാതം മുതൽ പ്രദോഷം വരെ വായിക്കുന്നവരും ഏറെയുണ്ട്. 

രാമായണ പാരായണം ആരംഭിക്കുന്നതിനു മുമ്പ്  ദീപ പ്രാർത്ഥനയും ഗുരു പ്രാർത്ഥനയും നടത്തണം. അതിനുശേഷം ആചാര്യ പ്രാർത്ഥന, ശ്രീരാമ പ്രാർത്ഥന, ഹനുമൽ പ്രാർത്ഥന, രാമായണ പ്രാർത്ഥന എന്നിവയും വേണം.

പ്രാർത്ഥനകൾക്കുശേഷം രാമായണ ഗ്രന്ഥത്തെ പുഷ്പങ്ങൾ അർപ്പിച്ച്‌  പൂജിച്ച് കർപ്പൂരാരതി  ഉഴിഞ്ഞ്  വണങ്ങണം.  തുടർന്ന് ഭക്തിയോടെ പാരായണം ആരംഭിക്കണം.

രാമായണത്തെ വെറും നിലത്ത് വെയ്ക്കുകയേ അരുത്.  പാരായണം ചെയ്യുമ്പോൾ ഗ്രന്ഥം  തുറന്നുവെച്ച് പാരായണം ചെയ്യാൻ കഴിയും വിധം നിർമ്മിക്കപ്പെട്ട പ്രത്യേക ഉപകരണത്തിലോ  അല്ലെങ്കിൽ വസ്ത്രം വിരിച്ച ഉയർന്ന പലകയിലോ പ്രതിഷ്ഠിച്ചുവേണം പാരായണം ചെയ്യുവാൻ. 

രാമായണപാരായണത്തിനായി  ഇരിക്കുന്നത് സുഖകരമായ ഒരു ഇരിപ്പിടത്തിലായിരിക്കണം. ഒരു വിധത്തിലുള്ള അസ്വസ്ഥതയ്ക്കും  ഇടവരാത്ത വിധത്തിലായിരിക്കണം ഇരിക്കേണ്ടത്. വെറും നിലത്ത് ഇരിക്കാൻ പാടില്ല. കാലുകൾ നീട്ടിയിരുന്നും രാമായണപാരായണം പാടില്ല.  പാരായണ വേളയിൽ ഭക്ഷണ - പാനീയങ്ങളോ അരുത്.  ശക്തിയായ കാറ്റും മഴയുമുള്ളപ്പോഴോ ഇടിമുഴക്കമോ  ശക്തിയായ കാറ്റിൽ ശബ്ദമോ ഉള്ളപ്പോഴോ രാമായണം പാരായണം ചെയ്യുന്നത് ഉചിതമല്ല.  പ്രശാന്തസുന്ദരമായ അന്തരീക്ഷമാണ് രാമായണപാരായണത്തിന് അത്യുത്തമം. വെറ്റില മുറുക്കിയ വായോടെയിരുന്നുള്ള രാമായണപാരായണം അരുത്.   പാരായണത്തിനിടെ സംഭാഷണവും പൂർണ്ണമായും ഒഴിവാക്കണം.

കിഴക്കുദിക്കിലേക്ക് നോക്കിയിരുന്ന് പാരായണം നടത്തിയാൽ ആയതിന്റെ  പൂർണ്ണമായ ഫലവും ലഭ്യമാകുമെന്നാണ് വിശ്വാസം. വടക്ക് ദിക്കിലേക്ക് നോക്കിയിരുന്നാണ്  പാരായണമെങ്കിൽ രാമായണപാരായണം കൊണ്ട്  ലഭിക്കേണ്ട ഗുണത്തിന്റെ  മുക്കാൽപങ്ക്‌  ലഭിക്കും.  പടിഞ്ഞാറ് ദിശയിലേക്ക് നോക്കിയിരുന്നാണ് പാരായണം എങ്കിൽ പകുതി ഫലമായിരിക്കും ലഭിക്കുക.  തെക്ക്  ദിക്കിലേക്ക് നോക്കിയിരുന്ന് പാരായണം ചെയ്യുന്നപക്ഷം പൂർണ്ണഫലത്തിന്റെ കാൽ ഭാഗം മാത്രമേ ലഭിക്കുകയുള്ളൂ. അതായത്  രാമായണപാരായണം കഴിവതും കിഴക്ക് ദിക്കിലേക്ക് നോക്കിയിരുന്നാവണം വേണ്ടത്. 

അതുപോലെതന്നെ രാമായണപാരായണം മനസ്സുകൊണ്ടാവരുത്.  പദങ്ങളും വാക്യങ്ങളും സ്പഷ്ടമായി ഉച്ചരിച്ചുകൊണ്ട് ഉച്ചത്തിലായിരിക്കണം രാമായണപാരായണം നടത്തേണ്ടത്.  രാമായണ ഗ്രന്ഥം കൈകളിൽ വെച്ച് വായിച്ചാൽ യഥാർത്ഥ ഫലത്തിന്റെ പകുതി മാത്രമേ ലഭിക്കൂ എന്നാണ് ജ്ഞാനികളുടെ അഭിപ്രായം.  

രാമായണം പാരായണം ചെയ്യുമ്പോൾ ഓരോ അധ്യായങ്ങളും പൂർണ്ണമായും പാരായണം ചെയ്യേണ്ടതാണ്. അഥവാ ഇടയ്ക്ക് നിർത്തേണ്ടിവരുന്ന പാക്ഷം പ്രസ്തുത അധ്യായത്തിന്റെ തുടക്കം മുതൽ വീണ്ടും പാരായണം ചെയ്യണം. എപ്പോഴും നാം രാമായണം പാരായണം നടത്തുന്നത് നമുക്ക് വേണ്ടിയാണെന്നതിലുപരി മറ്റുള്ളവർക്ക് വേണ്ടിയാണെന്ന ബോധം ഉണ്ടായേ തീരൂ.

രാമായണപാരായണത്തിന്റെ അവസാനം സ്വസ്‌ഥിവാക്യം,  ക്ഷമാപണം, സമർപ്പണം, മംഗളം എന്നിവയും ചൊല്ലണം. 

മനുഷ്യനെ മനുഷ്യനിൽ നിന്നും ഈശ്വരീയത്വത്തിലേക്ക് ഉയർത്തുന്ന ഗ്രന്ഥമാണ് രാമായണമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് തദനുസൃതമായ ഭക്തിയാദരങ്ങളോടെ വേണം കൈകാര്യം ചെയ്യുവാൻ.

രാമായണ പാരായണം ചെയ്യുന്ന സ്ഥലത്ത്  ദേവ -ദേവതകളും, ഹനുമാനും,  യക്ഷ-ഗന്ധർവ്വ -കിന്നരാദികളും സന്നിഹിതരായിരിക്കും.

മനുഷ്യവംശത്തിന്റെ സകലവിധമായ സുഖദുഃഖങ്ങളും, ആധി-വ്യാധികളും ആഗ്രഹ -ദുരാഗ്രഹങ്ങളും, ശരി-തെറ്റുകളുമെല്ലാം രാമായണത്തിൽ വ്യക്തമായി ചിത്രീകരിക്കപ്പെടുന്നു. ശ്രദ്ധയോടെയും അത് വായിച്ചു പഠിക്കുമ്പോൾ താനും അതിൽ ഉൾപ്പെടുന്നു എന്ന തോന്നലാവും ഉണ്ടാവുക. ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, ആശ്രിതർക്കും, അനുഭാവികൾക്കുമെല്ലാം വേണ്ടി നാം എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും  എങ്ങനെയാണ് ചെയ്യേണ്ടതെന്നും രാമായണം പഠിപ്പിക്കുന്നു- ബി എസ് ബാലചന്ദ്രൻ തുടർന്നു പറഞ്ഞു. 



Read More in Literature

Comments