Thursday, June 19, 2025 Thiruvananthapuram

ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍

banner

3 years, 8 months Ago | 341 Views

ലോകത്ത് വിവിധ ക്രിക്കറ്റ് ലീഗുകള്‍ അരങ്ങേറുന്നത് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. ബയോ ബബിളില്‍ താരങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദവും ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ മടുപ്പിച്ചതോടെ പഞ്ചാബ് കിങ്സിന്റെ സൂപ്പര്‍ താരം ക്രിസ് ഗെയില്‍ ഐപിഎല്ലിനോട് താല്‍ലികമായ വിട പറഞ്ഞിരിക്കുകയാണ്.

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയില്‍ ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല. യുഎഇയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പഞ്ചാബിനായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കുട്ടി ക്രിക്കറ്റിലെ ഇതിഹാസം ക്രീസിലെത്തിയത്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഉണര്‍വ് കണ്ടെത്തുകയാണ് പിന്മാറ്റത്തിലൂടെ താരത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വെസ്റ്റ് ഇന്‍ഡീസ്, സിപിഎല്‍, ഐപിഎല്‍ എന്നിവയുടെ ബയോ ബബിളിന്റെ ഭാഗമായിരുന്നു ഞാന്‍. ഇതില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇടവേള അനുവദിച്ച പഞ്ചാബ് കിങ്സിന് നന്ദി, പ്രസ്താവനയില്‍ ഗെയില്‍ പറഞ്ഞു.

ഗെയിലിന്റെ പിന്മാറ്റത്തില്‍ പരിശീലകന്‍ അനില്‍ കുംബ്ലെ പിന്തുണ അറിയിച്ചു. ക്രിസിനെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ പരിശീലിപ്പിക്കാനും സാധിച്ചു. വളരെ പ്രൊഫഷണലായുള്ള സമീപനമാണ് ഗെയിലിന്റേത്. ലോകകപ്പിന് തയാറെടുക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തെ ടീം ഒന്നടങ്കം ബഹുമാനിക്കുന്നു, കുംബ്ലെ വ്യക്തമാക്കി.



Read More in Sports

Comments