Friday, April 18, 2025 Thiruvananthapuram

മനം നൊന്തുള്ള ശാപം എത്ര വലിയവരെയും ബാധിക്കുമെന്ന് രാമായണം പറയുന്നു.:ബി.എസ്. ബാലചന്ദ്രൻ

banner

2 years, 1 month Ago | 182 Views

അസഹ്യമായ മാനസിക വ്യഥയോടെ ഉണ്ടാകുന്ന ശാപവാക്കുകൾ ഒരിക്കലും ഫലിക്കാതെപോവുകയില്ലെന്ന് രാമായണം നമ്മെ ഓർമ്മിപ്പിക്കുന്നതായി ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ വ്യക്തമാക്കി. ഇതിനുദാഹരണമായി ഒട്ടനവധി സംഭവങ്ങൾ രാമായണത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തു സംഘ ടിപ്പിക്കപ്പെട്ട രാമായണ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു ബി.എസ്. ബാലചന്ദ്രൻ.

മനസ്സു വേദനിക്കുന്നവരുടെ ശാപവാക്കുകൾ മൂർച്ചയേറിയ ആയുധങ്ങളെക്കാൾ കഠിനതരമാണ്. രാവണൻ ജ്ഞാനിയും ധീരനും വീരനും ഏറെ വരബലമാർജ്ജിച്ചവനും സർവ്വോപരി ശ്രീപരമേശ്വരന്റെ തികഞ്ഞ ഭക്തനുമായിരുന്നിട്ടുപോലും വേദനിക്കു ന്നവരുടെ ശാപങ്ങളിൽ നിന്നും രക്ഷപ്പെടാനായിട്ടില്ല. ഇതിഹാസ പുരാണങ്ങൾ പരിശോധിച്ചാൽ ഇത്രയേറെ ശാപവാക്കുകൾ വാങ്ങിക്കൂട്ടിയ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയമാണ്, ബി.എസ്. ബാലചന്ദ്രൻ പറഞ്ഞു. രാക്ഷസ രാജാവ് രാവണന് ഏറ്റുവാങ്ങേണ്ടിവന്ന ശാപങ്ങളെക്കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിക്കുകയുണ്ടായി.

ബ്രഹ്മദേവൻ പോലും രാവണനെ ശപിച്ചിട്ടുണ്ട്. ബ്രഹ്മദേവന്റെ പുത്രിയായ പുഞ്ജികാദേവിയെ ദശാനനൻ അപമാനിക്കാൻ ഒരുമ്പെട്ടതാണ് ബ്രഹ്മശാപത്തിനു കാരണം. 'സമ്മതമില്ലാതെ ഏതെങ്കിലും സ്ത്രീയെ സ്പർശിക്കുന്നപക്ഷം നിന്റെ പത്തുതലകളും പൊട്ടിത്തെറിച്ചുപോകട്ടെ' എന്നതായിരുന്നു ശാപം. സീതാദേവിയുടെ ശരീരത്തിൽ സ്പർശിക്കാൻ രാവണനു ധൈര്യം വരാത്തതിനുകാരണം ഇതാണെന്നു വേണം കരുതാൻ.

നാരദമുനിയും രാവണനെ ശപിച്ചിട്ടുണ്ട്. പ്രണവത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാത്തതിന് നാരദമഹർഷിയുടെ നാവ് അരിഞ്ഞുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അതിനു തുനിയുകയും ചെയ്തപ്പോൾ “നിന്റെ തലകൾ പത്തും ഒരു മനുഷ്യൻ ഛേദിച്ചുകളയട്ടെ" എന്ന് നാരദമഹർഷി രാവണനെ ശപി ക്കുകയായിരുന്നു.

സൂര്യവംശരാജാവായ അനാരണ്യൻ രാവണനെ ശപിച്ചു. “എന്റെ വംശജനായ ഒരു കുമാരന്റെ അസ്ത്രമേറ്റ് നീ മാറു പിളർന്ന് മരിക്കും" എന്നതായിരുന്നു അനാരണ്യന്റെ ശാപം. എതിരിടാതെ അഭയമഭ്യർത്ഥിച്ചിട്ടും ദയകാട്ടാതെ അനാരണ്യന്റെ മാറിലിടിച്ചപ്പോഴായിരുന്നു ശാപം. ഇടിയേറ്റ് അനാരണ്യൻ മരണമടഞ്ഞു.

കുശദ്ധ്വമഹർഷിയുടെ പുത്രിയായ വേദവതിയും രാവ ണനുനേരെ ഉഗ്രശാപം ചൊരി ഞ്ഞു. ശ്രീമഹാവിഷ്ണുദേവനെ പതിയായി ലഭിക്കുവാനായി കൊടും  തപസ്സിലാണ്ടിരിക്കുകയായിരുന്ന അതിസുന്ദരിയായ വേദവതിയെ രാവണൻ കടന്നു പിടിക്കുകയുണ്ടായി. കോപത്താലും ദുഃഖത്താലും വിവശയായ വേദവതി അഗ്നിപ്രവേശം നടത്തി മരിക്കുന്നതിനുമുൻപ് ഇങ്ങിനെ ശപിച്ചു; "ദുഷ്ടരാക്ഷസാ നിന്റെ മരണത്തിന് കാരണഭൂതയായി ഞാൻ വീണ്ടും ജനിക്കും. നീ തൊട്ട ഈ ശരീരം ഇനി എനിക്കു വേണ്ട...". അന്ന് അഗ്നിയിൽപ്രവേശിച്ച് മരണമടഞ്ഞ വേദവതിയാണ് പിന്നീട് അയോനിജയായ സീതാദേവി.

നന്ദികേശനും രാവണനെ ശപിച്ചിട്ടുണ്ട്. ഒരിക്കൽ പുഷ്പകവിമാനയാത്രാമദ്ധ്യേ രാവണൻ ശ്രീ മഹേശ്വരനെ വന്ദിക്കാൻ വേണ്ടി കൈലാസത്തിൽ ഇറങ്ങി. അവിടെ കാവൽ നിന്നിരുന്ന നന്ദികേശൻ രാവണനോട് ഇപ്പോൾ ശ്രീ മഹേശ്വരനെ ദർശിക്കാനാവില്ലായെന്നറിയിച്ചുകൊണ്ട് അവിടേയ്ക്കു വിട്ടില്ല. ഇതിൽ കോപം പൂണ്ട രാവണൻ നന്ദികേശനെ കുരങ്ങൻ എന്നു വിളിച്ച് അധിക്ഷേപിച്ചു. ഇതിൽ ഈർഷ്യപൂണ്ട നന്ദികേശൻ എന്നെ കുരങ്ങനെന്നു വിളിച്ച് അധിക്ഷേപിച്ച നീയും നിന്റെ കുടുംബവും വാനരന്മാരാൽ നശിക്കാൻ ഇടവരട്ടെ.... " എന്നു ശപിച്ചു. ഒരിക്കൽ രാവണൻ നളകുബരന്റെ പ്രതിശ്രുത വധു രംഭയെ അപമാനിച്ചു. വിവരമറിഞ്ഞ നളകുബരൻ വിഷ്ണുദേവന്റെ ശാപത്തിനു  സമാനമായുള്ള ശാപമിട്ടു. "സമ്മതമില്ലാതെ നീ ഏതെങ്കിലും സ്ത്രീയെ പ്രാപിക്കുവാൻ ധൈര്യപ്പെട്ടാൽ നിന്റെ പത്തുതലകളും പൊട്ടിത്തെറിച്ച് മരിക്കട്ടെ...." എന്നതായിരുന്നു ശാപം.

രാവണന്റെ സഹോദരനായ കുബേരനും രാവണനെ ശപിക്കുകയുണ്ടായി. തന്റെ സ്വന്ത മായ പുഷ്പകവിമാനം തന്നിൽ നിന്നും ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോഴായിരുന്നു കുബേരന്റെ ശാപം. “നീ എന്നിൽ നിന്നും അപഹരിച്ചെടുത്ത പുഷ്പകവിമാനം നിന്നെ വധിക്കുന്നവനെ സേവിച്ച് അയാളുടേതായിത്തീരട്ടെ...." എന്നായിരുന്നു കുബേരൻ (വൈശ്രവണൻ) സഹോദരൻ രാവണനെ ശപിച്ചത്.

വസിഷ്ഠമഹർഷി ഒരിക്കൽ രാവണനെ ശപിക്കുകയുണ്ടായി. രാവണനെ വേദശാസ്ത്രങ്ങൾ പഠിപ്പിക്കുവാനായി എത്തിയതായിരുന്നു വസിഷ്ഠമുനി. താൻ പറയുന്നത് വസിഷ്ഠൻ  അനുസരിക്കണം എന്നതായിരുന്നു രാവണന്റെ ശാഠ്യം. അതു നടക്കാതെ വന്നപ്പോൾ രാവണൻ വസിഷ്ഠമുനിയെ ബന്ധനസ്ഥനാക്കുകയുണ്ടായി. ഈ വേളയിൽ കുവലയാശ്വൻ എന്ന സൂര്യവംശരാജാവാണ് വസിഷ്ഠമുനിയെ മോചിപ്പിച്ചത്. അപ്പോൾ മഹർഷി ഇങ്ങനെ ശപിച്ചു; "സൂര്യകുലജാതരിൽ നിന്ന് നിനക്കും നിന്റെ കുടുംബത്തിനും നാശം സംഭവിക്കട്ടെ..."

രാവണന് പുരോഹിത ദമ്പതികളുടെ ശാപവും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. സമുദ്രസ്നാനത്തിനെത്തിയ പുരോഹിതകുടൂംബത്തിലെ യുവതികളെ അവരുടെ അമ്മമാരുടെ മുന്നിൽ വച്ച് രാവണൻ അപമാനിച്ചപ്പോഴാണ് അവരുടെ മാതാപിതാക്കൾ വേദനയോടെ ശപിച്ചത്. "നിന്റെ ഭാര്യയെ നിന്റെ കണ്മുന്നിൽ വച്ച് വാനരന്മാർ അപമാനിക്കട്ടെ...." എന്നാണ് അവർ രാവണനെ ശപിച്ചത്. ഒരിക്കൽ അഗ്നിദേവൻ രാവണനെ ശപിച്ചു. സ്വഭാര്യയായ സ്വാഹാദേവിയെ രാവണൻ ബലമായി കടന്നുപിടിച്ചപ്പോഴാണ് അഗ്നിദേവൻ ഇങ്ങിനെ ശപിച്ചത്; “നീ നോക്കിയിരിക്കേ നിന്റെ പത്നിയെ കുരങ്ങന്മാർ ബലാത്കാരം ചെയ്യട്ടെ...."

രാവണന് ബ്രഹസ്പതീ ശാപവുമുണ്ടായി. രാവണൻ ദേവലോകം കീഴടക്കി ദേവന്മാരെ ബന്ധനസ്ഥരാക്കിയശേഷം മ ടങ്ങാൻ തുടങ്ങവേ പേടിച്ച് ഒളിക്കുവാനൊരുങ്ങിയ സുലോചനാദേവിയെ ബലാല്കാരം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പിതാവായ ബ്രഹസ്പതി "കാമബാണമേറ്റ് മദിക്കുന്ന നീ രാമബാണമേറ്റു മരിക്കും.” എന്നു ശപിച്ചത്.

മൗൽഗവ്യ മഹർഷി ഒരിക്കൽ രാവണനെ ഇങ്ങനെ ശപിച്ചു; “എടാ പരമനീചാ നിന്റെ ചന്ദ്രഹാസം ഇനിയെങ്ങും ഫലിക്കാതെ പോകട്ടെ" മൗൽഗവ്യമഹർഷി  യോഗദണ്ഡിൽ ദേഹം താങ്ങി ഹംസയോഹനിഷ്ഠയിൽ സ്വസ്തികാസനസ്ഥനായിരിക്കെ അവിടെ  വന്ന രാവണൻ അഹങ്കാരം മൂത്ത് തന്റെ ചന്ദ്രഹാസം കൊണ്ട് യോഗദണ്ഡ് വെട്ടിമുറിച്ചു. മുനി മലർന്നടിച്ചുവീണ് നട്ടെല്ലൊടിഞ്ഞു. അപ്പോഴായിരുന്നു മുനിയുടെ ശാപം.

മാരുത വനത്തിൽ വാനപ്രസ്ഥനായി കഴിഞ്ഞ ഋതുവർമ്മന്റെ ഭാര്യ മദനമഞ്ജരിയെ രാവണൻ ബലാല്ക്കാരം ചെയ്യുകയുണ്ടായി. കോപം പൂണ്ട ഋതുവർമ്മൻ ശപിച്ചു. “നീ ഒരു മനുഷ്യനാൽ മരണമടയും'' എന്ന്.

അഷ്ടവക്രമഹർഷി രാവണനെ ശപിച്ചത് അദ്ദേഹത്തെ ചവിട്ടിയതിനാണ്. ശ്ലേഷ്മാതകത്തിൽ വച്ചായിരുന്നു സംഭവം.'നിന്റെ എട്ടു വളവുകളും ഞാൻ മാറ്റിത്തരുന്നുണ്ട്' എന്നു പറഞ്ഞു കൊണ്ടാണ് രാവണൻ അഷ്ടവക്രനെ ചവിട്ടിയത്. ചവിട്ടുകൊണ്ട് ദൂരെ തെറിച്ചുവീണ മുനി “നിരപരാധിയായ എന്നെ നീ ഉപദ്രവിച്ചതുകൊണ്ട് നിന്നെ കുരങ്ങന്മാർ പാദാദികേശവും കേശാദിപാദവും ചവിട്ടിമെതിച്ചു വിടട്ടെ....." എന്ന് ശപിച്ചു.

ഗുരുവിന് അഭിഷേകം ചെയ്യുന്നതിനുവേണ്ടി മന്ത്രപൂരിതമാക്കി തയ്യാറാക്കിയ പൂർണ്ണതീർത്ഥകും ഭം അപഹരിച്ച് രാവണൻ സ്വന്തം ശിരസ്സിൽ അഭിഷേകം ചെയ്ത തിൽ കുപിതനായ ദത്താത്രേയൻ “നിന്റെ ശിരസ്സ് വാനരന്മാർ ചവുട്ടി അശുദ്ധമാക്കട്ടെ” എന്നു ശപിച്ചു.

ദ്വൈപായനൻ രാവണനെ ശപിച്ചത് സ്വന്തം സഹോദരിയെ കൺമുന്നിൽവച്ച് അധരാദി അവയവങ്ങൾ മുറിപ്പെടുത്തിയതിനാണ്.  "നിന്റെ സഹോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തട്ടെ എന്നും “ഭാര്യയെ വാനരന്മാർ മാനഭംഗപ്പെടുത്തട്ടെ" എന്നുമാണ് ദ്വൈപായനൻ ശപിച്ചത്.

മാണ്ഡവ്യമഹർഷിയുടെ ശാപവും രാവണൻ ഏറ്റുവാങ്ങി. രാവണൻ മണ്ഡോദരിയുമൊന്നിച്ച് വിനോദസഞ്ചാരം നടത്തവേ മാണ്ഡവ്യമഹർഷി അവരെ ബഹുമാനിച്ചില്ലെന്നു കരുതി അദ്ദേഹത്തെ രാവണൻ അതി കഠിനമായി മർദ്ദിച്ചു. അപ്പോൾ മുനി “ഒരു വാനരൻ നിന്നെയും ഇങ്ങനെ മർദ്ദിക്കട്ടെ." എന്നു ശപിച്ചു.

അത്രി മഹർഷി രാവണനെ ശപിച്ചത് അദ്ദേഹത്തിന്റെ പത്നിയെ കൺമുന്നിലിട്ട് മുടിക്കുപിടിച്ചു വലിച്ചിഴച്ചതിനാണ്. “നിന്റെ പത്നിയെ നിന്റെ മുന്നിൽ വച്ച് വാനരന്മാർ വസ്ത്രമഴിച്ച് മുടി പിടിച്ചു വലിച്ചിഴച്ച് അപമാനിക്കുന്നത് നിനക്കു കാണേണ്ടിവരും" എന്നായിരുന്നു അത്രിമഹർഷിയു ടെ ശാപം

പുരോഹിതനെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചതിന് പുരോഹിത ശാപവും ഉണ്ടായി. ശ്രീപരമേശ്വരൻ ദാനം ചെയ്ത ത്രിപുരസുന്ദരി വിഗ്രഹം ലങ്കയിൽ പ്രതിഷ്ഠിക്കുന്നതിനായി മാവണൻ ഒരു പുരോഹിതനെ ക്ഷണിച്ചു. വരാൻ അല്പം താമസിച്ചുപോയതിന് ആ പുരോഹിതനെ ബന്ധിച്ച് ഏഴുദിവസം കാരാഗൃഹത്തിലടയ്ക്കുകയായിരുന്നു. അപ്പോഴാണ് പുരോഹിതൻ “നിന്നെ ഒരു മനുഷ്യൻ കരചരണങ്ങൾ ബന്ധിച്ച് ഏഴുമാസം കാരാഗൃഹത്തിൽ പൂട്ടിയിടട്ടെ" എന്നു ശപിച്ചത്.

സീതാദേവിയെ അപഹരിച്ചതോടെ  ഈ ശാപങ്ങളെല്ലാം രാവണനുമേൽ വന്നു പതിച്ചു. രാവണന്റെ അനുഭവങ്ങൾ മനുഷ്യർക്ക് ഗുണപാഠമാണ്. ബി.എസ്. ബാലചന്ദ്രൻ തുടർന്ന് പറഞ്ഞു.



Read More in Organisation

Comments