കരകുളം കൃഷ്‌ണപിള്ളയ്ക്ക് "ഗുരുഭാരത്" - വിശ്വമംഗലം സുന്ദരേശൻ, രാമകൃഷ്‌ണൻ നായർ, കൃഷ്‌ണൻ നായർ എന്നിവർക്ക് “ഭാരത് സേവക്"

1 year, 5 months Ago | 177 Views
ഭാരത് സേവക് സമാജ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഗുരുഭാരത് പുരസ്കാരം പ്രഗത്ഭ അദ്ധ്യാപകനും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമായ കരകുളം കൃഷ്ണപിള്ളയ്ക്ക് സമർപ്പിച്ചു. ഒപ്പം അദ്ധ്യാപന രംഗത്തെ മുടിചൂടാമന്നന്മാർ എന്നു വിശേഷിപ്പിക്കാവുന്ന പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, സി. രാമകൃഷ്‌ണൻ നായർ, ബി. കൃഷ്ണൻ നായർ എന്നിവർക്ക് ബി.എസ്.എസിൻ്റെ ദേശീയ ബഹുമതിയായ "ഭാരത് സേവക്" ബഹുമതി നൽകി ആദരിക്കുകയുമുണ്ടായി.
മുൻ മന്ത്രിയും മുൻ കെ.പി.സി.സി പ്രസിഡൻറുമായ രമേശ് ചെന്നിത്തലയാണ് കരകുളം കൃഷ്ണപിള്ളയ്ക്കും മറ്റദ്ധ്യാപകർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചത്. പുരസ്‌കാരദാന സമ്മേളനത്തിന്റെ ഉൽഘാടനവും രമേശ് ചെന്നിത്തല നിർവ്വഹിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമണ്ഡലങ്ങളിലെ ഒട്ടെനവധിപ്രമുഖരും ഭാരത്ത് സേവക് സമാജിൻ്റെ ഊർജ്ജസ്വലരായ പ്രവർത്തകരുമടക്കം പ്രൗഢമായ ഒരു വലിയ സദസ്സിനെ സാക്ഷിനിറുത്തിയായിരുന്നു പുരസ്‌കാര സമർപ്പണം. നാല് അദ്ധ്യാപക നക്ഷത്രങ്ങളെ ഒരേ സമയം ആദരിച്ചതിലൂടെ കവടിയാർ സദ്ഭാവനാഭവൻ അങ്കണം ഫെബ്രുവരി 7 ന് ഒരു പവിത്രഭൂമിയായി മാറുകയായിരുന്നു. ബി.എസ്.എസ്. ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ തന്റെ അദ്ധ്യക്ഷപ്രസംഗവേളയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുകയു മുണ്ടായി. 'മഹാന്മാരായ നാലു ഗുരുക്കന്മാർ ഒരേ സമയം സദ്‌ഭാവനാഭവനിൽ പദമൂന്നിയത് ഭാഗ്യമായും; യഥോചിതം അവരെ ആദരിക്കാൻ ശിഷ്യനായ തനിക്കു സാധിച്ചുവെന്നത് മഹാഭാഗ്യമായും കാണുന്നു' എന്ന ബി.എസ്. ബാലചന്ദ്രന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ തട്ടി നിർഗ്ഗമിച്ചതാണെന്ന് ആ സ്വരത്തിൽ വ്യക്തമായിരുന്നു. ഈ അപൂർവ്വവും അസുലഭവും മഹനീയവുമായ മുഹൂർത്തത്തെ ഒരു നിയോഗമായാണ് അദ്ദേഹം കണ്ടതെന്നതും വ്യക്തം.
ഗുരു-ശിഷ്യ ബന്ധവും അതിൻ്റെ പരിപാവനതയും അതിലെ ഭാവബ്ന്ധങ്ങളുമൊക്കെത്തന്നെയായിരുന്നു ചടങ്ങിൽ സംബന്ധിച്ച ഏവരുടേയും പ്രതിപാദ്യ വിഷയം. അതിൽ നിന്നും ഒരാൾപോലും വഴിമാറി സഞ്ചരിച്ചതുമില്ല. സ്വാഗതമാശംസിച്ചു സംസാരിച്ച ബി.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ജയശ്രീ കുമാർ മുതൽ ചടങ്ങിൽ സംബന്ധിച്ചവർക്ക് ബി.എസ്.എസിൻ്റെ പേരിലും സ്വന്തം നിലയിലും കൃതജ്‌ഞത പ്രകാശിപ്പിച്ച ബി.എസ്.എസ്. അസിസ്റ്റൻ്റ് ഡയറക്‌ടർ സിന്ധൂമധു വരെയുള്ള എല്ലാവരുടേയും പ്രസംഗപാത ഒന്നുതന്നെയായിരുന്നു. അവാർഡിനർഹരായവരുടെ അപദാനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ച ജയശ്രീകുമാർ ഒരുകൂട്ടം ചെറുപ്പക്കാരുടെ സംരംഭമായ പ്രഭാത് കോളേജിൻ്റെ രൂപീകരണ പ്രവർത്തനത്തിലെ പ്രധാനിയായിരുന്നു കരകുളം കൃഷ്‌ണപിള്ളയെന്നും തൻറെ സ്വാഗത പ്രസംഗത്തിൽ ചുണ്ടിക്കാട്ടി. അഭിഭാഷകനായ കരകുളം കൃഷ്‌ണപിള്ള തന്റെ പ്രവർത്തിമണ്ഡലമായി തെരഞ്ഞെടുത്തത് അദ്ധ്യാപനവൃത്തിയാണെന്നത് അദ്ദേഹത്തിന്റെ തിളക്കമാർന്ന മാനസിക ഭാവത്തെയാണ് വ്യക്തമാക്കുന്നത്. കരകുളം കൃഷ്‌ണപിള്ളയെന്ന അദ്ധ്യാപന സൗഗന്ധികത്തിൻ്റെ മധുര ഗന്ധമേറ്റുവിടർന്ന പ്രതിഭാ കുസുമങ്ങൾ ഏറെയാണെന്ന നിലയിലുള്ള അഭിപ്രായവും ജയശ്രീകുമാർ പ്രകടിപ്പിക്കുകയുണ്ടാക്കി.
കൃതജ്‌ഞത പ്രകാശിപ്പിച്ച സിന്ധു മധുവാകട്ടെ തന്റെ പ്രസംഗമദ്ധ്യേ ഉന്നയിച്ചത് ചിന്താർഹമായ ഒരു ചോദ്യമാണ്. ജീവനുള്ള യഥാർത്ഥ അദ്ധ്യാപകൻ അരികിലുണ്ടെങ്കിൽ ജീവനില്ലാത്ത ഗ്രന്‌ഥങ്ങൾക്ക് എന്തു മൂല്യമാണുള്ളത്....? എന്നതായിരുന്നു സിന്ധുവിന്റെ ചോദ്യം. താൻ ഉന്നയിക്കുന്ന ചോദ്യമല്ലായിതെന്നും വായിച്ചറിഞ്ഞതാണിതെന്നും വ്യക്തമാക്കിക്കൊണ്ട് ജീവനുള്ള അദ്ധ്യാപകൻ' എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഉണർന്നു പ്രവർത്തിക്കുന്ന അദ്ധ്യാപകൻ എന്നാണെന്നും യഥാർത്ഥ അദ്ധ്യാപകൻ' എന്ന വാക്കുകൊണ്ട് ശിഷ്യനെ ഉത്തമ മനുഷ്യനായി ഉയർത്തുവാൻ വേണ്ട പൊതുവായ അറിവുകൾ കൂടി പകർന്നു നൽകുന്ന അദ്ധ്യാപകൻ എന്നാണെന്നും അരികിലുണ്ടെങ്കിൽ' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് വിജ്ഞാനം പകർന്നു നൽകിയ അദ്ധ്യാപകന് ഓരോ സ്വീകർത്താവിന്റേയും മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ കൂടി കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്നാണെന്നും സിന്ധുമധു വിശദീകരിച്ചു.
മൗന പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഡി. സുദർശനൻ ആശംസാപ്രസംഗം നടത്തി. പുരസ്‌കാര ജോതാക്കളായ പ്രൊഫ: വിശ്വമംഗലം സുന്ദരേശൻ, സി. രാമ കൃഷ്‌ണൻ നായർ, ബി. കൃഷ്ണൻ നായർ എന്നിവരുടെ മറുപടി പ്രസംഗത്തിനുശേഷം ദേശീയ ഗാനാലാപനത്തോടെ സമ്മേളനം അവസാനിച്ചു.
Read More in Organisation
Related Stories
ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം
2 years, 5 months Ago
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
1 year, 8 months Ago
"പാടാം നമുക്ക് പാടാം" കമല ലക്ഷ്മി ഉദ്ഘാടനം ചെയ്തു
2 years, 8 months Ago
റവ.ഫാ.ഡോ.ഇഞ്ചക്കലോടിക്ക് 'ഭാരത് സേവക് ബഹുമതി'
3 years, 1 month Ago
ബി.എസ്.എസ് സാംസ്ക്കാര ഭാരതം കാവ്യസദസ്സ് ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു
1 year, 1 month Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
3 years, 1 month Ago
Comments