പി.ഗോവിന്ദപ്പിള്ള അറിവിൻറെ ശൈലാഗ്രശൃംഗം

3 years, 3 months Ago | 650 Views
അന്നത്തെ വിമാനയാത്ര എനിക്കൊരിക്കലും മറക്കാനാവില്ല. റോഡ് മാർഗമായാലും റെയിൽ - വ്യോമ മാർഗങ്ങളിലൂടെയായാലും എനിക്ക് ഒട്ടേറെ യാത്രകളാണ് വേണ്ടിവരുന്നത്. അതുകൊണ്ടു തന്നെ അവയെക്കുറിച്ച് പ്രത്യേകമായൊന്നും ഓർത്തുവെക്കാറില്ല. എന്നാൽ ഒരു വിമാനയാത്രയെക്കുറിച്ചുള്ള സ്മരണകൾ, ദിന-രാത്രങ്ങൾ ഏറെ കൊഴിഞ്ഞു വീണുവെങ്കിലും ഇപ്പോഴും മനസ്സിൽ ഒളിമങ്ങാതെ തങ്ങിനിൽക്കുന്നു!
ഭാരത് സേവക് സമാജുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായാണ് ഞാൻ ബംഗളുരുവിലെത്തിയത്. യാത്രോദ്യേശ്യം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയായിരുന്നു അത്. വിമാനത്താവളത്തിലെത്തിയ ഞാൻ വിശ്രമ സ്ഥലത്തേയ്ക്ക് നടന്നു. അവിടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി തുറന്നുപിടിച്ച പുസ്തകത്തിൽ മിഴികൾ നട്ട് ഒറ്റയ്ക്കൊരാൾ പരിസരം മറന്നിരിയ്ക്കുന്നു! അടുത്തെത്തിയപ്പോഴാണ് വ്യക്തമായി കണ്ടത്. വിജ്ഞാനത്തിന്റെ ഹിമവൽ ശൈലാഗ്രശൃംഗമെന്ന് വിശേഷിപ്പിക്കാവുന്ന പി.ഗോവിന്ദപിള്ളസാറായിരുന്നു അത്! ഒന്നു സാർ എന്നു വിളിച്ച് തൊഴുതു നിന്നു. അല്പം വൈമനസ്യത്തോടെയെങ്കിലും പുസ്തകത്താളുകളിൽ നിന്നും മിഴിയിണകളെ മടക്കിവിളിച്ച് മെല്ലെ മുഖമുയർത്തി നോക്കി: "ങാ .....ബാലചന്ദ്രനോ .....? വരു വരൂ ....ബാലചന്ദ്രൻ വന്നത് നന്നായി. വിമാനത്തിലേക്ക് നടന്നെത്താൻ ഒരു ഒരു സഹായിയായി കൂട്ടാമല്ലോ...?"തുടർന്നദ്ദേഹം പ്രായം അടിച്ചേൽപ്പിച്ച ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു. "ഇപ്പോൾ നടക്കാൻ മറ്റൊരാളിന്റെ സഹായം വേണമെന്നായിരുന്നു....പക്ഷേ, ബാലചന്ദ്രാ ....ശരീരത്തെ ക്ഷീണിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളൂ; മനസ്സിന് ഇപ്പോഴും യുവത്വം തന്നെ ...." ഇത് പറഞ്ഞു അദ്ദേഹം തന്റെ സ്വതസിദ്ധമായ ചിരിയുതിർത്തു.
പി.ജി യുമായി സംവദിക്കാനുള്ള അവസരം ലഭിച്ചതിൽ ഞാൻ ഏറെ സന്തോഷിച്ചു. അതൊരു ഭാഗ്യമായിക്കണ്ട് ഞാനദ്ദേഹത്തിന്റെ ചാരത്ത് ഭവ്യതയോടെ ഇരുന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ അദ്ദേഹം നിരവധി കാര്യങ്ങൾ സംസാരിച്ചു. അതിൽ നിന്നും എനിക്ക് ഒട്ടേറെ വലിയ അറിവുകൾ പകർന്നു കിട്ടുകയും ചെയ്തു. തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങി അദ്ദേഹത്തെ യാത്രയാക്കിയ ശേഷമാണ് ഞാൻ മടങ്ങിയത്. വീട്ടിലേയ്ക്ക് പോകാൻ കാറിൽ കയറിയ പി.ജി.യെ ഞാൻ തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും അദ്ദേഹം പുസ്തകം തുറന്നുകഴിഞ്ഞിരുന്നു!
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരിക്കെയാണ് പി.ജി. എന്ന പി.ഗോവിന്ദപ്പിള്ളയുമായി ഞാൻ അടുത്തിടപെടുന്നത്. അന്ന് ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന ചർച്ചകളിലും സംവാദങ്ങളിലും ഞങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സ്ഥിരം ക്ഷണിതാക്കളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളായിരുന്നു ഞാൻ. സ്റ്റഡി സർക്കിളിന്റെ മിക്കവാറുമെല്ലാ പരിപാടികളിലും പി.ജി.യുമുണ്ടാകും. ഒരു തവണ 'മതവും അന്ധവിശ്വാസവും' എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാൽ സംഘടിപ്പിക്കുകയുണ്ടായി. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇത് സംബന്ധിച്ച പ്രബന്ധം അന്ന് അവതരിപ്പിച്ചത് എം.ഒ.ഷംസുദ്ദീനായിരുന്നു. പ്രബന്ധത്തിന്മേൽ പി.ജി.പ്രൗഢഗംഭീരമായ പ്രസംഗമാണ് നടത്തിയത്.ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഞാൻ സംസാരിച്ചപ്പോൾ പി.ജി.ഉൾപ്പെടെയുള്ളവർ പറഞ്ഞ ചില അഭിപ്രായങ്ങളെ ഖണ്ഡിച്ചുകൊണ്ട് ബദൽ വാദങ്ങൾ നിരത്തി.തികച്ചും രാഷ്ട്രീയപരമായ അഭിപ്രായങ്ങളായിരുന്നു അത്. ഒരു പുഞ്ചിരിയോടെ പി.ജി.എല്ലാം കേട്ടിരുന്നു.എന്നാൽ എനിക്കുശേഷം സംസാരിച്ച കല്ലറ വാസുദേവൻ എന്നെ അതിനിശിതമായാണ് വിമർശിച്ചത്. രോഷാകുലനായ വാസുദേവൻ ഒരർത്ഥത്തിൽ പറഞ്ഞാൽ എന്നെ ദയാലേശമെന്യേ ആക്രമിക്കുകതന്നെയായിരുന്നു.കല്ലറ വാസുദേവനുശേഷം പി.ജി.വീണ്ടും സംസാരിക്കാനായി എഴുന്നേറ്റു. സാധാരണ പതിവില്ലാത്തതായതിനാൽ എല്ലാവരും അദ്ദേഹത്തിലേയ്ക്ക് കാത് കൂർപ്പിച്ചു.പി.ജി.സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്: "ഇപ്പോൾ ഈ ചർച്ചക്ക് പൂർണ്ണത കൈവന്നിരിക്കുന്നു. നമ്മുടെ സുഹൃത്ത് ബി.എസ്.ബാലചന്ദ്രൻ സംസാരിച്ചതോടെയാണ് അതുണ്ടായത്. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നുവരികയും അതിന്റെ നാനാവശങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെടുകയുമുണ്ടാവുമ്പോഴാണ് ഇത്തരം സെമിനാറുകൾക്ക് അർത്ഥങ്ങളുണ്ടാവുന്നതും ചർച്ചകൾ യഥാർത്ഥ ചർച്ചകളായിത്തീരുന്നതും....!"തുടർന്ന് അദ്ദേഹം അതേക്കുറിച്ച് ദീർഘമായിത്തന്നെ സംസാരിച്ചു. അതാണ് പി.ജി.....!
വസ്തുതകളിൽ നിന്നും വ്യതി ചലിക്കാനോ യാഥാർഥ്യങ്ങളിൽ നിന്നും വേറിട്ടുനിൽക്കാനോ പി.ജി.ക്കാവില്ല. ഓരോന്നിനും അതിന്റെതായ അർത്ഥവും മൂല്യവുമുണ്ടെന്ന് വിശ്വസിക്കുന്ന പി.ജി.അവയുടെ ശത്രുക്കളെ നിർഭയം - നിഷ്ക്കരുണം എതിർക്കുക തന്നെ ചെയ്തിരുന്നു. സംഘടനാപ്രവർത്തനത്തിലുൾപ്പെടെ അത് നാം കണ്ടിട്ടുള്ളതാണ്. അതിരുകടന്ന ആസക്തി ഒന്നിനോടും പ്രകടിപ്പിക്കാത്ത അദ്ദേഹം യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടച്ചു കൊടുക്കുവാൻ ഒരിക്കലുംതയ്യാറായിട്ടില്ല.സാഹിത്യപരമായാലും സാംസ്കാരികപരമായാലും ആശയപരമായാലും പ്രത്യയശാസ്ത്രപരമായാലുമൊക്കെ തന്റെ നിലപാടു തറയിൽ ഉറച്ചു നിൽക്കുക എന്നതാണ് ശീലം. അതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യതിരിക്തനാക്കുന്നതും.
മാർക്സിയൻ ദാർശനികനാണ് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്.മാർക്സിസത്തെക്കുറിച്ചുള്ള ഇ.എം.എസിന്റെ വ്യാഖ്യാനങ്ങൾക്ക് മാവോ പോലും കാതോർത്തിട്ടുണ്ട്. ഇ.എം.എസിനുശേഷം മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെ അതേ ഭാവത്തോടെ വ്യാഖ്യാനിക്കുകയും തന്മയത്വത്തോടെ താരതമ്യപ്പെടുത്തുകയും അയത്ന ലളിതമായി മലയാളത്തിൽ പ്രയോഗിക്കുകയും ചെയ്ത ഒരേ ഒരു വ്യക്തിയേയുള്ളു. അത് വിജ്ഞാനത്തിന്റെ ഗന്ധമാദന ഗിരിയെന്ന് വിശേഷിപ്പിക്കാവുന്ന പി.ഗോവിന്ദപ്പിള്ളയാണ്. അദ്ദേഹത്തെ ഇവിടെ മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന് വിശേഷിപ്പിക്കാതിരിക്കുന്നതിന് കാരണമുണ്ട്. " ഞാൻ മാർക്സിസ്റ്റ് സൈദ്ധാന്തികനല്ല; ഞാനൊരു മാർക്സിസ്റ്റ് ആക്ടിവിസ്റ്റാണ് ...." എന്ന് പി.ജി.പലവട്ടം പറഞ്ഞിട്ടുണ്ട്. എങ്കിൽ തന്നെയും അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനല്ലാതാവുന്നില്ലായെന്നത് പരമമായ സത്യം.
പി.ജി.യെ ഏതെങ്കിലും ഒരു കള്ളിയിൽ ഒതുക്കി നിറുത്താനാവില്ലെന്നതാണ് യാഥാർത്ഥ്യം. സാധാരണ നിലയ്ക്ക് അദ്ദേഹത്തിനെതിരെ നീക്കാൻ കരുക്കളുണ്ടാവില്ലയെന്നതും. പി.ജി.കൈവെയ്ക്കാത്ത മേഖലകൾ വിരളം. ചരിത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം,സാമ്പത്തിക ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷ, സംസ്കാരം, നവോത്ഥാനം, ആയുർവേദം തുടങ്ങി ആദ്ധ്യാത്മികതയെ സ്പർശിക്കുന്ന ലേഖനങ്ങളും പ്രബന്ധങ്ങളുംവരെ പി.ഗോവിന്ദപ്പിള്ളയുടേതായി കാണാം. അദ്ദേഹത്തിന് വഴങ്ങാത്തതായി യാതൊന്നുമില്ലായിരുന്നു.
കേരളീയ ജനതയുടെ ഹൃദയമിടിപ്പ് തുടിക്കുന്ന സവിശേഷമായ ഒരു ശൈലി കാഴ്ചവെച്ചു എന്നതാണ് പി.ജി.യുടെ സാവ്വോദത്തമായ സംഭാവന. സരളവും പ്രസന്നവുമാണ് അതെന്നിരിക്കെത്തന്നെ എതിരാളികളുടെ മർമ്മത്തിൽ കൊത്തുന്നതിനും ആ ശൈലിക്ക് കഴിവുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
അകലെനിന്നാണെങ്കിൽ കൂടി പി.ഗോവിന്ദപ്പിള്ളയെ ആദ്യമായി ഞാൻ കാണുന്നത് സെക്രട്ടറിയറ്റ് പടിക്കൽ അദ്ദേഹം നടത്തിയ നിരാഹാര സത്യാഗ്രഹവേളയിലാണ്. പി.ജി.അന്ന് സംസ്ഥാന നിയമസഭാംഗമായിരുന്നു. നിയമസഭയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിന്മേലാണ് പി.ജി.അടക്കമുള്ള, എം.എൽ.എ .മാർ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹമാരംഭിച്ചത്. നിയമസഭാസാമാജികർ നിരാഹാര സത്യാഗ്രഹമനിഷ്ഠിക്കുന്നു എന്നറിഞ്ഞപ്പോൾ അത് കാണുവാനായാണ് രാഷ്ട്രീയ രംഗത്ത് അടുത്തിടെ പദമൂന്നിയ രാഷ്ട്രീയവിദ്യാർത്ഥി എന്ന നിലയിൽ ഞാൻ അവിടെ പോയത്. ഞാൻ എത്തുമ്പോൾ പി.ഗോവിന്ദപ്പിള്ള സമരപ്പന്തലിൽ എഴുന്നേറ്റു നിന്ന് സംസാരിക്കുകയായിരുന്നു. എം.എൽ.എ മാരായ സി.ബി.സി.വാര്യർ, എ.വി.ആര്യൻ, വി.വി.ദക്ഷിണാമൂർത്തി എന്നിവരടക്കമുള്ളവർ ചുറ്റിലുമുണ്ട്.അന്ന് കണ്ട നിരാഹാര സത്യാഗ്രഹ സമരരംഗം ഇന്നും എന്റെ ഓർമ്മയിലുണ്ട്.
പി.ജി.യുടെ പ്രസംഗങ്ങൾ എന്നും എനിക്ക് ഹരമായിരുന്നു. സൂര്യന് താഴെയുള്ള ഏത് വിഷയവും അദ്ദേഹത്തിന് വഴങ്ങുമെന്നത് അത് ഭുതാദങ്ങളോടെ മാത്രമേ നോക്കിക്കാണാനാവൂ. പി.ജി.സംവദിക്കുന്ന പൊതുപരിപാടികൾ എവിടെയുണ്ടെന്നറിഞ്ഞാലും ഞാനവിടെയെത്തും. അനർഗ്ഗളമായൊഴുകുന്ന ആ വിജ്ഞാന ഗംഗാപ്രവാഹത്തിൽ മുങ്ങി നിൽക്കുമ്പോൾ 'ഞാനെത്ര നിസ്സാരൻ' എന്ന തോന്നലായിരിക്കും മനസ്സിനെ ഭരിക്കുക! മാത്രമല്ല അനേകം ഗ്രന്ഥങ്ങൾ വായിച്ചു തീർത്തതിന് സമാനമായ അറിവും ആനന്ദവും മനസ്സിൽ കോരിനിറയ്ക്കാനുമാവും. ഈ മാസ്മരികത തന്നെയായിരുന്നു എന്നെ അദ്ദേഹത്തോട് വലിച്ചടുപ്പിച്ച പൊൻചരട്.
പി.ജി.യോട് നിരന്തരം ഇടപെടാനും അദ്ദേഹത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും കഴിയുന്നവരോട് എനിക്ക് ഒരുതരം അസൂയയായിരുന്നു തോന്നിയിരുന്നത് എന്നു പറയാം. ഒരു പൊതു പരിപാടിയിൽ സംസാരിക്കവേ വേദിയിലുണ്ടായിരുന്ന എം.എ ബേബിയോട് ഞാനത് പറയുകയും ചെയ്തു. "പി.ജി.യോടൊപ്പം നിരന്തരം സഹകരിക്കാൻ അവസരം ലഭിച്ച എം.എ.ബേബിയോട് എനിക്ക് അസൂയ തോന്നുന്നു....." എന്നു പറഞ്ഞപ്പോൾ എം.എ.ബേബി ചിരിച്ചു കൊണ്ട് അതിനെ അതിന്റേതായ അർത്ഥത്തിൽ സ്വീകരിക്കുകയായിരുന്നു.
ആദർശ ശുദ്ധിയും സത്യസന്ധതയും നീതിബോധവും സംശുദ്ധമായ ജീവിതത്തെപ്പറ്റിയുള്ള സങ്കൽപ്പവും പ്രതിസന്ധികളോട് പൊരുതാനുള്ള പടവാളായി എടുത്തുപയോഗിച്ച് കുതിച്ചുപാഞ്ഞ ആ യാഗാശ്വത്തെ പിടിച്ചു കെട്ടുവാൻ മരണം വന്ന് കൂട്ടിക്കൊണ്ടുപോകുംവരെയും ആർക്കും കഴിഞ്ഞിട്ടില്ല. ഒരു വിഭാഗം ജനങ്ങളെ ചിന്തിപ്പിക്കുവാനും മറ്റൊരു വിഭാഗത്തിന്റെ ചിന്തക്ക് തീപിടിക്കുവാനും പി.ജി.ക്ക് കഴിഞ്ഞു. വ്യത്യസ്തവും വെവ്വേറെയുമായുള്ള ചിന്തകളെ സമന്വയിപ്പിക്കാനും അവയെ കൂട്ടിയും കിഴിച്ചും തന്റെ ആത്യന്തിക ലക്ഷ്യത്തിനനുസൃതമാംവിധം തന്നെ ബാക്കിപത്രമൊരുക്കുവാനും ഈ ധിക്ഷണാശാലിക്കുണ്ടായിരുന്ന കഴിവും അപാരം!
തനിക്ക് ശരിയെന്ന് തോന്നുന്നതും ഉത്തമബോധ്യമുള്ളതുമായ കാര്യങ്ങൾ ഒളിയും മറയുമില്ലാതെ തുറന്ന് പറയുന്നതിന് ഒരിക്കലും അദ്ദേഹം മടിച്ചു നിന്നിട്ടില്ല. അതേ സമയം ഒരു ചട്ടുകമായി ഉപയോഗിക്കാൻ ആർക്കും അദ്ദേഹത്തെ കിട്ടിയിരുന്നില്ല.
മനുഷ്യമോചന രണഭൂമിയിലെ ധീരയോദ്ധാവും പ്രായോഗിക രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവുമായിരുന്ന പി.ജി.യെ രാഷ്ട്രീയ പ്രവർത്തകനെന്നതിലുപരി മഹാ പണ്ഡിതനെന്ന നിലയും അറിവിന്റെ പൂർണ്ണ കുംഭ മെന്ന നിലയിലുമാണ് എന്നെപ്പോലുള്ളവർ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കു തന്നെ കമ്മ്യുണിസ്റ്റ് തത്വ ചിന്തകളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന പി.ഗോവിന്ദപ്പിള്ള കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയായിരുന്നു. പ്രഭാഷണകലയുടെ മർമ്മം മനസ്സിലാക്കിയിട്ടുള്ള അദ്ദേഹം അസാധാരണ വ്യക്തിത്വത്തിനുടമയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഒട്ടേറെ മഹദ് വ്യക്തികളുമായി അടുത്തിടപെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതേപോലെ തന്നെ എത്രയോ സാധാരണക്കാരുടെ ജീവിതത്തിലേക്കും അദ്ദേഹം കടന്നു ചെന്നു; അദ്ദേഹം ധാരാളം വായിച്ചു; ധാരാളം ചിന്തിച്ചു; ധാരാളം പ്രസംഗിച്ചു; ധാരാളം പ്രസംഗങ്ങൾ ശ്രവിച്ചു; ധാരാളം സഞ്ചരിച്ചു; ധാരാളം എഴുതി; ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളെ താല്പര്യപൂർവ്വവും ശ്രദ്ധാപൂർവ്വവും നിരീക്ഷിക്കുകയും നോക്കിക്കാണുകയും ചെയ്തു; വ്യക്തികളുടെയും ജനതയുടെയും രാഷ്ട്രങ്ങളുടെയും ഉത്ഥാന-പതനങ്ങൾ കണ്ടു. ഇതിൽ നിന്നെല്ലാം തന്റേതായ തികച്ചും പ്രായോഗികമായ ഒരു ജീവിത ദർശനം അദ്ദേഹം രൂപവത്കരിച്ചു. വലിയവനും എളിയവനും തമ്മിൽ അദ്ദേഹത്തിന് വ്യത്യാസമില്ല. അളവറ്റ സ്നേഹവും ആഴമേറിയ സഹതാപവും അദ്ദേഹം എല്ലാവർക്കും നൽകി. ആ വ്യക്തിത്വം അദ്വിതീയമാകുന്നു.
കുടുംബനാഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതം അത്യന്തം മാതൃകാപരമായിരുന്നു. ആർഭാടരഹിതവും എന്നാൽ അത്യധികം ആകർഷണീയവുമായ ആ ജീവിതത്തിൽ വേവലാതികൾക്കോ പരാതികൾക്കോ സ്ഥാനമില്ല. ലാളിത്യവും ഔന്നത്യവും ഒത്തൊരുമിച്ചു നിൽക്കുന്നു. മാതൃകായോഗ്യമായ ഒരു വലിയ നീതിലോകമാണത്. ആർക്കും അടിപ്പെടാതെ ആരോടും കടന്നാക്രമണമില്ലാതെ എല്ലാവരോടും ഉള്ളുതുറന്ന്, സത്യത്തിന്റെയും ധർമ്മത്തിന്റെയും പന്ഥാവിലൂടെ അദ്ദേഹം മുന്നേറി.
പന്തളത്ത് മുളയ്ക്കൽ തറവാട്ടിലെ അംഗമായ രാജമ്മ ടീച്ചറാണ് പി.ജി.യുടെ പത്നി. മഹത്തായ ഒരു പാരമ്പര്യത്തിന്റെ സുദീർഘ ശൃംഖലയിലെ മിഴിവാർന്ന കണ്ണിയായിരുന്നു രാജമ്മ ടീച്ചർ. അച്ഛന്റെ വായനാശീലം അതേപടി പകർന്നു കിട്ടിയ രണ്ടു മക്കളാണ് പി.ജി.ക്കുള്ളത്. എം.ജി.രാധാകൃഷ്ണനും ആർ. പാർവ്വതീ ദേവിയും.
സമകാലിക ജീവിതത്തിലും സമൂഹത്തിലും കോളിളക്കങ്ങളും പരിവർത്തനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ച ഒരു ഉന്നതകായനെന്ന നിലയിൽ കേരളം ചരിത്രവും, മലയാള ഗദ്യസാഹിത്യത്തിന്റെ മുഖ്യ ശില്പികളിലൊരാളെന്ന നിലയിൽ സാഹിത്യ ചരിത്രവും അദ്ദേഹത്തെ എന്നുമെന്നും സ്മരിക്കുമെന്നത് നിസ്തർക്കം.
Read More in Organisation
Related Stories
രാമായണത്തിലെ ഭരതൻ അനുകരണീയ വ്യക്തിത്വം - ബി. എസ്. ബാലചന്ദ്രൻ
1 year, 8 months Ago
ദിവ്യ വചനങ്ങൾ
1 year, 11 months Ago
കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിട പറഞ്ഞിട്ട് 44 വർഷം
3 years, 5 months Ago
നവംബർ ഡയറി
3 years, 3 months Ago
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ ബി.എസ്. എസിന്റെ പ്രവർത്തനശൈലി: ബി.എസ്. ഗോപകുമാർ
2 years, 4 months Ago
കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
3 years, 4 months Ago
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
1 year, 11 months Ago
Comments